KOYILANDY DIARY.COM

The Perfect News Portal

സമ്പൂർണ സാക്ഷരതയ്ക്ക് ഇന്നേക്ക് 34 വർഷം; കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിനം

ഇന്ന് എപ്രില്‍ 18 കേരളം സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ദിവസം. ഒട്ടനവധി പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യയ്ക്കു മാതൃകയായി കേരളം ആ സമ്പൂര്‍ണ നേട്ടം കൈവരിച്ചു. കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ട ദിനമാണ് 1991 ഏപ്രില്‍ 18. സംവത്സരങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ത്യയ്ക്കു മാതൃകയായി കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചത് അന്നാണ്. കോഴിക്കോട് മാനാഞ്ചിറ മൈതാനിയില്‍ പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി മലപ്പുറത്തെ ചേലക്കോടന്‍ ആയിഷ എന്ന നവസാക്ഷരയാണ് കേരളം സമ്പൂര്‍ണ സാക്ഷരത നേടി എന്ന് പ്രഖ്യാപിച്ചത്. ആദ്യം നഗരം, പിന്നീട് ജില്ല, ശേഷം സംസ്ഥാനമൊട്ടാകെ എന്ന വിധത്തില്‍ നടന്ന അക്ഷരജ്വാല കേരളത്തിന്റെ നഗര ഗ്രാമാന്തരങ്ങളിലേക്ക് ആളിപ്പടര്‍ന്നു.

1960കളുടെ അവസാനത്തോടെയാണ് കേരളത്തിൽ സാക്ഷരതാപ്രവർത്തനം ആരംഭിച്ചത്. 1968ൽ സർക്കാർ ഏജൻസികൾ ഈ രംഗത്തേയ്ക്കു കടന്നു വന്നു. കണ്ണൂർ ജില്ലയിലെ എഴോം പഞ്ചായത്താണ് ആദ്യമായി സാക്ഷരത നേടിയ ഗ്രാമ പഞ്ചായത്ത്. 1989 ജൂണ്‍ 18ന് ഇന്ത്യയിലെ ആദ്യ അക്ഷര നഗരമായി കോട്ടയം പ്രഖ്യാപിക്കപ്പെട്ടു. 1990 ഫെബ്രുവരി 4ന് എറണാകുളം ജില്ല ഇന്ത്യയിലെ പ്രഥമ സമ്പൂര്‍ണ സാക്ഷരതാ ജില്ലയായി. ഒടുവില്‍ കേരളം സമ്പൂര്‍ണ സാക്ഷരതാ സംസ്ഥാനമായി. 1987ലെ ഇ. കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കേരളത്തിൽ സാക്ഷരതാപ്രസ്ഥാനം വിപുലമായി വളർന്നത്. അതുവരെ ഔപചാരികമായി നടന്ന പ്രവർത്തനം സർക്കാർ സഹായത്തോടെ വമ്പിച്ച പ്രസ്ഥാനമായി വളർന്നു.

 

1989ൽ മഹാത്മാഗാന്ധി സർവ്വകലാശാലയിലെ നാഷണൽ സർവ്വീസ് സ്കീമിന്റെ സഹകരണത്തോടെ കോട്ടയം നഗരസഭയും ജില്ലാ ഭരണകൂടവും ചേർന്ന് നൂറുദിന ക്യാമ്പയിൻ ഏറ്റെടുത്തു. അങ്ങനെയാണ് കോട്ടയത്തിനു നൂറു ശതമാനം സാക്ഷരത നേടിയ ആദ്യ പട്ടണമെന്ന സ്ഥാനം ലഭിച്ചത്. 1989ൽ വെളിച്ചമേ നയിച്ചാലും എന്ന പേരിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനകീയ സാക്ഷരതാ പദ്ധതി ആരംഭിച്ചു.‘പട്ടിണിയായ മനുഷ്യാ നീ പുസ്തകം കയ്യിലെടുത്തോളു, പുത്തനൊരായുധമാണു നിനക്കത് പുസ്തകം കയ്യിലെടുത്തോളു.’
എന്ന മുദ്രാവാക്യവുമായി അന്ന് സാക്ഷരതാപ്രവർത്തകർ നിരക്ഷരരെ തേടിപ്പോയി.

Advertisements

 

എല്ലാ വിഭാഗം ആളുകളും 15 വയസ്സു തൊട്ട് 90 വയസ്സു വരെയുള്ളവർ സാക്ഷരതാ ക്ലാസ്സുകളിൽ പങ്കെടുത്തു. കേരളത്തിന്റെ സമ്പൂർണ്ണ സാക്ഷരതയ്ക്കായി അക്ഷരകേരളം പദ്ധതി സർക്കാർ നടപ്പിലാക്കി. കക്ഷിരാഷ്ട്രീയ ഭേദമെന്യെ എല്ലാവരും ആ സാക്ഷരതാ പ്രവർത്തനത്തിൽ പങ്കെടുത്തു. 1990 ഏപ്രിൽ 8ലെ സർവ്വേ അനുസരിച്ച് കേരളത്തിലൊട്ടാകെ 28,20,338 നിരക്ഷരരെ കണ്ടെത്തി. ഇവരെ സാക്ഷരരാക്കാനായി മൂന്നു ലക്ഷത്തോളം സന്നദ്ധപ്രവർത്തകരാണ് പ്രവർത്തിച്ചത്. അങ്ങനെ 1991 ഏപ്രിൽ 18ന് കേരളം ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷര സംസ്ഥാനമായിത്തീർന്നു.

Share news