KOYILANDY DIARY

The Perfect News Portal

തലശേരി ജില്ലാ കോടതിയിൽ 30 പേർക്ക്‌ അജ്ഞാത രോഗം

തലശേരി: തലശേരി ജില്ലാ കോടതി സമുച്ചയത്തിലെ മൂന്ന്‌ കോടതികളിലെ ന്യായാധിപൻമാരടക്കം 30 പേർക്ക്‌ അജ്ഞാത രോഗബാധ. രണ്ടും മൂന്നും അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതികളിലെയും പ്രിൻസിപ്പൽ സബ്‌കോടതിയിലെയും ന്യായാധിപൻമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കുമാണ്‌ രോഗബാധയുണ്ടായത്‌. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട വനിതാ ജഡ്‌ജിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Advertisements

പത്തു ദിവസം മുമ്പാണ്‌ ഇവരിൽ രോഗലക്ഷണം കണ്ടുതുടങ്ങിയത്‌. ചൊറിച്ചിലും പനിയും കൈകാലുകളിൽ നീരും വേദനയും അനുഭവപ്പെടുന്നതിനൊപ്പം മീസിൽസ്‌ (കരുവൻ) പോലെ ചെറിയ കുരുക്കളുമുണ്ട്‌. ജില്ലാ സെഷൻസ്‌ ജഡ്‌ജി കെ ടി നിസാർ അഹമ്മദിന്റെ ഇടപെടലിൽ ആരോഗ്യവകുപ്പിൻറെ നിർദേശപ്രകാരം പ്രത്യേക മെഡിക്കൽ സംഘം കോടതിയിലെത്തി പരിശോധിച്ചു. ഫിസിഷ്യൻ ശശിധരൻ, ചർമരോഗവിദഗ്‌ധൻ ശ്രീജേഷ്‌, എച്ച്‌ഐമാരായ സുനുലാൽ, വിനീഷ്‌ എന്നിവരും ലാബ്‌ ടെക്‌നീഷ്യനും ആരോഗ്യപ്രവർത്തകരുമാണ്‌ പരിശോധനയ്‌ക്കെത്തിയത്‌.

 

ജില്ലാ മെഡിക്കൽ ഓഫീസർ ജീജ, ജനറൽ ആശുപത്രി സൂപ്രണ്ട്‌ വി കെ രാജീവൻ എന്നിവരും കോടതിയിലെത്തി. ജില്ലാ ഗവ. പ്ലീഡർ കെ അജിത്‌കുമാർ, ബാർ അസോസിയേഷൻ പ്രസിഡണ്ട് ജി പി ഗോപാലകൃഷ്‌ണൻ, ബിജേഷ്‌ ചന്ദ്രൻ എന്നിവർ വിവരങ്ങൾ ധരിപ്പിച്ചു. വൈറസുമായി ബന്ധപ്പെട്ട രോഗമാണെന്ന്‌ സംശയിക്കുന്നു. രോഗബാധിതരിൽനിന്ന്‌ ശേഖരിച്ച രക്തവും സ്രവവും  ആലപ്പുഴ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക്‌ പരിശോധനയ്‌ക്ക്‌ അയക്കും. ചികിത്സയിലുള്ള ജഡ്‌ജിയുടെ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല. രക്ത–- സ്രവ പരിശോധനാഫലം വന്നശേഷം തുടർനടപടികൾ ആരംഭിക്കും.

Advertisements

 

പുതുതായി നിർമിക്കുന്ന കോടതിസമുച്ചയത്തിനു പിന്നിലുള്ള കെട്ടിടങ്ങളിലാണ്‌ രോഗബാധയുണ്ടായ മൂന്ന്‌ കോടതികളും പ്രവർത്തിക്കുന്നത്‌. അഡീഷണൽ ജില്ലാ സെഷൻസ്‌ രണ്ടും മൂന്നും കോടതികൾ ഒരേ കെട്ടിടത്തിലും പ്രിൻസിപ്പൽ സബ്‌കോടതി സമീപത്തും പ്രവർത്തിക്കുന്നു. ബുധനാഴ്‌ച വൈകിട്ട്‌ മുഴുവൻ കോടതികളും അടച്ച്‌ ഫോഗിങ് നടത്തി. പുതിയ കോടതിസമുച്ചയ നിർമാണം അന്തിമഘട്ടത്തിലാണ്‌. രോഗബാധ കോടതികളുടെ പ്രവർത്തനത്തെ ബാധിച്ചിരിക്കുകയാണ്‌.

 

തലശേരിയിൽ 3 കോടതി അടച്ചു
ന്യായാധിപന്മാർക്കും അഭിഭാഷകർക്കുമടക്കം അജ്ഞാത രോഗം ബാധിച്ച സാഹചര്യത്തിൽ തലശേരിയിലെ മൂന്ന്‌ കോടതികൾ രണ്ട്‌ ദിവസത്തേക്ക്‌ അടച്ചു. അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി –-2, അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതി –-3, പ്രിൻസിപ്പൽ സബ്‌കോടതി എന്നിവയ്‌ക്കാണ്‌ ഹൈക്കോടതിയുടെ അനുമതിയോടെ അവധി നൽകിയത്‌. ഈ മൂന്ന്‌ കോടതിയിലെയും 30 പേർക്കാണ്‌ രോഗം ബാധിച്ചത്‌.