26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു

ചെറുതോണി: 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്ബര്‍ ഷട്ടറാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നുവിട്ടത്. നാല് മണിക്കൂര്‍ തുറന്നുവെക്കാനാണ് കെഎസ്‌ഇബിയുടെ തീരുമാനം. 50 സെന്റീമീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് തുറന്ന ഷെട്ടറിലൂടെ പുറത്തേക്ക് ഒഴുകി തുടങ്ങിയത്. ചെറുതോണി ഡാമില്‍ നിന്നും എത്തുന്ന വെള്ളം ചെറുതോണി പുഴയില്‍ എത്തി അവിടെ നിന്നും ലേവര്‍ പെരിയാറിലേക്ക് ഒഴുകി തുടങ്ങി.
ചെറുതോണി ഡാമിന്റെ താഴ്‌ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ ജീവന്‍ ബാബു അറിയിച്ചിട്ടുണ്ട്. ചെറുതോണി ഡാം ന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരു കരകളിലും 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രതപുലര്‍ത്തേണ്ടതാണ്. പുഴയില്‍ ഇറങ്ങറുന്നതിനും, കുളിക്കുന്നതിനും, മത്സ്യം പിടിക്കുന്നതിനും, സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് തീരുമാനിച്ചത്. ട്രയല്‍ റണ്‍ നടത്താന്‍ തയ്യാറാണെന്ന് കെഎസ്‌ഇബി യോഗത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് ഉന്നതതല യോഗം അനുമതി നല്‍കിയിരിക്കുന്നത്. സാഹചര്യങ്ങള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള സ്വതന്ത്ര അധികാരവും യോഗം റവന്യുവകുപ്പിനും കെഎസ്‌ഇബിക്കും നല്‍കിയിട്ടുണ്ട്. നേരത്തെ ട്രയല്‍ റണ്‍ വേണ്ട എന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. മഴ കുറഞ്ഞേക്കുമെന്ന ധാരണയിലായിരുന്നു ട്രയല്‍ വേണ്ടി വന്നേക്കില്ലെന്ന് കരുതിയത്.

രാവിലെ ഏഴുമണിക്ക് ജലനിരപ്പ് 2398.40 അടിയായിരുന്നു ഇടുക്കി ഡാമിലെ വെള്ളത്തിന്റെ അളവ്. അതിവേഗത്തിലാണ് ഡാമില്‍ വെള്ളം നിറയുന്നത്. 2403 അടി പരമാവധി സംഭരണ ശേഷിയുള്ള ഡാം ഈ അളവ് എത്തുന്നതിന് മുമ്ബ് തന്നെ തുറക്കും. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറന്നാണ് ജലം പുറത്തേക്കൊഴുക്കുക. അതേസമയം, ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ഇന്ന് പുലര്‍ച്ചെ തുറന്നു. 80 സെന്റി മീറ്റര്‍ വീതമാണ് നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുന്നത്.

അണക്കെട്ട് തുറന്ന സാഹചര്യത്തില്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നതും നീരൊഴുക്ക് വര്‍ധിച്ചിരിക്കുന്നതും ഡാം തുറക്കുന്നത് അനിവാര്യമാക്കുകയാണ്. സാധാരണ കാലവര്‍ഷ സമയത്ത് ഇടുക്കി ഡാമില്‍ ജലനിരപ്പ് ഇത്ര ഉയരാറില്ല. 26 വര്‍ഷം മുന്‍പാണ് ഡാം ഇതിനു മുന്‍പ് തുറന്നത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി സൈന്യത്തിന്റെ സഹായം തേടാനും യോഗം തീരുമാനിച്ചിട്ടുണ്ട്. കലക്ടറുടെ അനുമതി ലഭിച്ചാല്‍ ഉടന്‍ നടപടി കൈക്കൊള്ളാനാണ് തീരുമാനം. ഇടുക്കി പദ്ധതിപ്രദേശത്ത് ഇന്നലെ കനത്ത മഴയായിരുന്നു. മൂലമറ്റം വൈദ്യുത നിലയത്തില്‍ ഉല്‍പാദനം പൂര്‍ണതോതില്‍ നടന്നു. 13.56 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചു. 24.24 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ആവശ്യമായ വെള്ളമാണ് ഇന്നലെ ഒഴുകിയെത്തിയത്. ജലസംഭരണിയില്‍ 92.58% വെള്ളമാണ് ഇന്നലെയുണ്ടായിരുന്നത്.
