25 ഗ്രാം കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

നാദാപുരം: നാദാപുരം മേഖലയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മറ്റും കഞ്ചാവ് വില്‍ക്കുന്ന സംഘത്തിലെ ഒരാള്‍ എക്സൈസിന്റെ പിടിയിലായി. പശ്ചിമ ബംഗാള്‍ സൗത്ത് 24 പര്‍ഗാന ജില്ലയിലെ നാരായണ്‍ബേര (44) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് വിതരണം ചെയ്തതിന്‍റെ ബാക്കി വന്ന 25 ഗ്രാം കഞ്ചാവ് എക്സൈസ് സംഘം കണ്ടെടുത്തു.
ഇന്നലെ (ചൊവ്വ) വൈകീട്ട് ആറര മണിയോടെയാണ് തൂണേരി മുടവന്തേരി റോഡിലെ അരവു കേന്ദ്രത്തിനു സമീപമുള്ള റോഡില്‍ വെച്ച് ഇയാളെ നാദാപുരം എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.കെ.ഷാജിയും സംഘവും പിടികൂടിയത്.
ഒമ്ബത് വര്‍ഷമായി ഇയാള്‍ നാദാപുരം മേഖലയില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്തു വരികയാണ്. ഓരോ പ്രാവശ്യവും പശ്ചിമ ബംഗാളില്‍ പോയി തിരിച്ചു വരുമ്പോള്‍ കഞ്ചാവ് കടത്തിക്കൊണ്ടു വരാറുണ്ടെന്നും അടുത്ത ദിവസം നാട്ടില്‍ പോയി തിരിച്ചു വരുമ്പോള്‍ ഒരു കിലോ കഞ്ചാവുമായാണ് വന്നതെന്നും ഇയാള്‍ എക്സൈസിന് മൊഴി നല്‍കി.

എക്സൈസ് പ്രിവന്‍റീവ് ഓഫിസര്‍ കെ.കെ.ശ്രീജിത്ത്, സി.ഇ.ഓ മാരായ പ്രമോദ് പുളിക്കൂല്‍, കെ.കെ.ജയന്‍, കെ.ഷിരാജ്, സി.എം.സുരേഷ്‌കുമാര്‍, വി.സി.വിജയന്‍, ഡ്രൈവര്‍ പ്രജീഷ് എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

