KOYILANDY DIARY

The Perfect News Portal

248 കായിക താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി; നടപടികള്‍ അന്തിമഘട്ടത്തില്‍; ചരിത്രമെഴുതാന്‍ പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമിക്കപ്പെടാന്‍ യോഗ്യരായ 248 കായികതാരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കായിക താരങ്ങളുടെ സംരക്ഷണത്തിന് ഉയര്‍ന്ന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കുറിപ്പ് ചുവടെ:

കായിക താരങ്ങളെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുന്നതില്‍ ചരിത്രമെഴുതാന്‍ സര്‍ക്കാര്‍. സര്‍ക്കാര്‍ സര്‍വീസിലേക്ക് നിയമിക്കപ്പെടാന്‍ യോഗ്യരായ 248 പേരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 2011ല്‍ നിലച്ച കായിക താരങ്ങള്‍ക്ക് സംവരണം ചെയ്ത തസ്തികകളിലേക്കുള്ള നിയമനമാണ് ഈ സര്‍ക്കാറിന്റെ ആയിരം ദിനങ്ങള്‍ പിന്നിടുമ്ബോള്‍ പുനരാരംഭിക്കുന്നത്.

Advertisements

ഒരു വര്‍ഷം 50 നിയമനം എന്നതു പ്രകാരം അഞ്ചു വര്‍ഷത്തേക്ക് 250 പേരെയാണ് നിയമിക്കേണ്ടത്. ഒരു തസ്തികയില്‍ ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പി ആര്‍ ശ്രീജേഷിന് നേരത്തെ നിയമനം നല്‍കി. ഒരു തസ്തികയിലേക്കുള്ള നിയമനം ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ മാറ്റിവച്ചു.

ഓരോ വര്‍ഷത്തെയും പട്ടിക പ്രത്യേകമാണ് തയ്യാറാക്കിയിരിക്കുന്നത്. വ്യക്തിഗതം, ടീമിനം എന്നിങ്ങനെ പട്ടികയില്‍ വേര്‍തിരിവുണ്ട്. വ്യക്തിഗത ഇനങ്ങളില്‍ നിന്നുള്ള 25 പേര്‍ക്കും ടീമിനങ്ങളില്‍നിന്നുള്ള 25 പേര്‍ക്കുമാണ് ഓരോ വര്‍ഷവും ജോലി നല്‍കുക. ചിലര്‍ ഒന്നിലേറെ വര്‍ഷങ്ങളിലെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഏതു ലിസ്റ്റിലാണോ ആദ്യം ഉള്‍പ്പെട്ടത് എന്ന മുന്‍ഗണനയിലാകും അവര്‍ക്ക് നിയമനം നല്‍കുക.

റാങ്ക്ലിസ്റ്റില്‍ ഉള്‍പ്പെട്ട കായികതാരങ്ങള്‍ക്ക് അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമനത്തിനുള്ള സ്ഥാനം നിശ്ചയിക്കും. ഏഷ്യന്‍ ഗെയിംസ്, ഒളിമ്ബിക്സ് എന്നിവയില്‍ ഉള്‍പ്പെടാത്ത കായിക ഇനങ്ങളില്‍നിന്നുള്ളവര്‍ക്ക് ഒരു വര്‍ഷം ഒരു തസ്തിക എന്ന കണക്കില്‍ അനുവദിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായ കായികതാരങ്ങള്‍ക്ക് വര്‍ഷം രണ്ടു തസ്തികയും മാറ്റിവെച്ചിരിക്കുന്നു.

കായിക താരങ്ങളുടെ സംരക്ഷണത്തിന് ഉയര്‍ന്ന പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഫുട്‌ബോള്‍ താരം സികെ വിനീത്, വോളിബോള്‍ താരം സികെ രതീഷ് ഉള്‍പ്പടെ 169 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി.

കേരളാ പൊലീസില്‍ ഡിപ്പാര്‍ട്ട്മെന്റ് ടീം രൂപീകരിക്കാന്‍ 11 കായിക ഇനങ്ങളിലായി കായികതാരങ്ങളെ നിയമിക്കാന്‍ 146 ഹവില്‍ദാര്‍ തസ്തിക രൂപീകരിച്ച്‌ ഉത്തരവിടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *