KOYILANDY DIARY

The Perfect News Portal

ഗാസയിൽ ഹമാസ്‌ പിടിയിലായിരുന്ന 24 ബന്ദികൾക്ക്‌ മോചനം

ഗാസയിൽ ഹമാസ്‌ പിടിയിലായിരുന്ന 24 ബന്ദികൾക്ക്‌ 49 ദിവസത്തിനുശേഷം മോചനം. ഖത്തറിന്റെ മാധ്യസ്ഥ്യത്തിൽ ധാരണയിലായ വെടിനിർത്തൽ കരാറിന്റെ ഭാഗമായുള്ള 13 ഇസ്രയേലുകാരെ കൂടാതെ 10 തായ്‌ പൗരരെയും ഒരു ഫിലിപ്പീൻസുകാരനെയും ഹമാസ്‌ വിട്ടയച്ചു. സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തെ ഹമാസ്‌ റെഡ്‌ ക്രസന്റിന്‌ കൈമാറുകയായിരുന്നു.

ഇവർ വെള്ളി രാത്രിയോടെ റാഫ അതിർത്തി വഴി ഈജിപ്തിലെത്തി. തായ്‌ പൗരരെ വിട്ടയച്ചത്‌ തായ്‌ലൻഡ്‌ പ്രധാനമന്ത്രി സ്രെത്ത തവിസിൻ സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു. ഇതിനുപിന്നാലെ സ്‌ത്രീകളും കുട്ടികളുമടക്കം 39 പലസ്‌തീൻ തടവുകാരെ ഇസ്രയേൽ മോചിപ്പിച്ചതായി ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വടക്കൻ ഇസ്രയേലിലെ ഓഫെർ ജയിലിൽ എത്തിച്ചശേഷമാണ്‌ ഇവരെ വിട്ടയച്ചത്‌. വിവിധ തടങ്കൽപ്പാളയങ്ങളിൽ കഴിഞ്ഞിരുന്ന 24 സ്ത്രീകളും കൗമാരക്കാരായ 15 ആൺകുട്ടികളുമാണിവർ.

 

നാലുദിവസത്തെ വെടിനിർത്തൽ കാലയളവിൽ 50 ബന്ദികളെ മോചിപ്പിക്കാമെന്നാണ്‌ ഹമാസ്‌ സമ്മതിച്ചിരിക്കുന്നത്‌. 150 പലസ്തീൻ തടവുകാരെ ഇസ്രയേലും മോചിപ്പിക്കും. എന്നാൽ, വെടിനിർത്തലിന്റെ ആദ്യദിനമായ വെള്ളിയാഴ്ച വടക്കൻ ഗാസയിലേക്ക്‌ മടങ്ങാൻ ശ്രമിച്ച പലസ്തീൻകാർക്കുനേരെ ഇസ്രയേൽ സൈന്യം വെടിവച്ചു. രണ്ടുപേർ കൊല്ലപ്പെട്ടു. 11 പേർക്ക്‌ പരിക്കേറ്റു.

Advertisements

 

അതിനിടെ, പാചകവാതകവും ഇന്ധനവും മരുന്നും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുമയി 60 ട്രക്കുകൾ റാഫ അതിർത്തിവഴി ഗാസയിലേക്ക്‌ എത്തി. ഗാസയിലെ പ്രധാന ആശുപത്രിയായ അൽ ഷിഫ പിടിച്ചെടുത്ത ഇസ്രയേൽ സൈന്യം അവിടെനിന്ന്‌ പിന്മാറിയതായും റിപ്പോർട്ടുണ്ട്‌. ഒരാഴ്ചയിലേറെയായി അൽ ഷിഫ ഇവരുടെ കൈയിലായിരുന്നു. ആശുപത്രി ഡയറക്ടറെയും അറസ്റ്റ്‌ ചെയ്തു.