2019 ലെ സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് ജയപ്രകാശിന്

കൊയിലാണ്ടി: 2019 ലെ കേരള സംസ്ഥാന ഊർജ്ജ സംരക്ഷണ അവാർഡ് കൊയിലാണ്ടി സ്വദേശി ജയപ്രകാശിന് ലഭിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടത്തിയ ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾക്കും ഈ മേഖലയിലെ പുത്തൻ കണ്ടുപിടുത്തങ്ങൾക്കുമാണ് സംസ്ഥാന സർക്കാറൻ്റെ അവാർഡ് ലഭിച്ചത്. ഗ്യാസ് അടുപ്പിൽ എൽ.പി.ജി.യുടെ ഉപയോഗം കുറയ്ക്കാനുതകുന്ന പ്രത്യേകതരം സിറാമിക് ഉപകരണം ഡിസൈൻ ചെയ്ത് നിർമ്മിച്ചതിനാണ് ഇത്തവണ അവാർഡ് ലഭിച്ചത്.
2008 ൽ പുകയുംകൂടി കത്തി ഇന്ധനമാകുന്ന അടുപ്പ് ഡിസൈൻ ചെയ്ത് നിർമ്മിച്ചതിന് അവാർഡ് ലഭിച്ചിരുന്നു.
കൂടാതെ 2012 ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡും ലഭിച്ചു. 2017ൽ കേരള ഗവൺമെന്റിന്റെ അക്ഷയ ഊർജ്ജ പുരസ്കാരം ലഭിച്ചിട്ടുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ വർഷം അടുപ്പു നിർമ്മാണത്തിലൂടെ കേരളത്തിൽ ആകെ ലഭിച്ച ഊർജ സംരക്ഷണവും, ഹരിത ഗ്രഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കലും, കൂടാതെ പുതുതായ് ഡിസൈൻ ചെയ്ത അടുപ്പുമായ് ബന്ധപ്പെട്ട മറ്റു ഊർജ്ജ സംരക്ഷണ സംവിധാനങ്ങൾ വരെ വിലയിരുത്തപ്പെടുകയുണ്ടായി .
പുതുതായി നിർമ്മിച്ച ഉപകരണം ഗ്യാസടുപ്പിനു മുകളിൽ വയ്ക്കുന്നതോടുകൂടി ഓരോ പാചക സമയത്തും 13 ശതമാനം ഗ്യാസ് ലാഭിക്കപ്പെടുന്നു. ഇതു മൂലം ഒരു വീട്ടമ്മക്ക് വർഷത്തിൽ ഒന്നേകാൽ സിലിണ്ടറോളം ഗ്യാസ് ലാഭിക്കാൻ പറ്റും. അതായത് സുമാർ 20 കിലോ. മൂന്ന് ലക്ഷത്തിൽ കൂടുതൽ ഗാർഹിക കണക്ഷനുള്ള കേരളത്തിൽ മാത്രം ഇതുമൂലം ലാഭിക്കപ്പെടുന്നത് 40000 ത്തോളം സിലിണ്ടർ ഗ്യാസാണ്. അതായത് സുമാർ 7 ലക്ഷത്തി അറുപതിനായിരത്തിൽ കൂടുതൽ കിലോഗ്രാം ഗ്യാസ്. ഇതു മൂലമുണ്ടാകുന്ന സാമ്പത്തിക ലാഭം മാത്രം 4 കോടി രൂപയോളം വരും. 836 കോടി കിലോ കലോറി ഊർജ്ജമാണ് സംരക്ഷിക്കപ്പെടുന്നത്. അതിന് ആനുപാതികമായി ഹരിത ഗ്രഹവാതകങ്ങളുടെ പുറം തള്ളലും തടയപ്പെടുന്നു.
ഡിസംബർ 18ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയിൽ നിന്നും അവാർഡ് സ്വീകരിക്കും. പുകയില്ലാത്ത അടുപ്പു കൾക്കു പുറമെ നാപ്കിൻ നശിപ്പിക്കുന്ന ചൂളകളും, മഴജലം കൊണ്ട് കിണർ റീചാർജിങ്ങും, മററു ഖരമാലിന്യ സംസ്കരണ സംവിധാനങ്ങളും ചെയ്യുന്നുണ്ട്. കൊയിലാണ്ടി നഗരസഭയുമായി ചേർന്ന് മണമില്ലാതെ മാലിന്യങ്ങൾ സംസ്കരിക്കുന്ന പദ്ധതിയും നടപ്പിലാക്കിയിരുന്നു.
