KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ടയിൽ 2 ദിവസം പ്രായമായ നവജാത ശിശു മരിച്ച നിലയിൽ; അമ്മ ചികിത്സയിൽ

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 വയസ്സുകാരി വിദ്യാർത്ഥിനി പ്രസവിച്ച കുട്ടിയാണ് മരിച്ചത്. വിദ്യാർത്ഥിനി അവിവാഹിതയാണ്. ആൾതാമസം ഇല്ലാത്ത അയൽ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞിൻ്റെ അമ്മ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ആശുപത്രി അധികൃതർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് ആണ് സ്ഥലത്തെത്തി കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

എന്നാൽ വീട്ടിലേക്ക് പൊലീസ് വന്നപ്പോഴാണ് കുഞ്ഞിന്റെ വിവരം അറിഞ്ഞതെന്ന് 21 കാരിയുടെ മുത്തശ്ശി പറഞ്ഞു. അസുഖമാണെന്ന് പറഞ്ഞ് ഇന്ന് രാവിലെ ആശുപത്രിയിലേക്ക് പോയതാണ് പെൺകുട്ടി, മറ്റൊരു വിവരങ്ങളും അറിയില്ലെന്നും മുത്തശ്ശി പറഞ്ഞു. 21 കാരി ഗർഭിണിയായി വിവരം അറിയില്ല എന്നാണ് പ്രദേശത്തെ ആശാപ്രവർത്തകർ പറയുന്നത്. ബി എ ബിരുദധാരിയായ പെൺകുട്ടി ഏറെനാളായി വീട്ടിലാണ്. എന്നാൽ പെൺകുട്ടി ഗർഭിണിയായിരുന്നു എന്ന കാര്യം അറിയില്ല എന്നാണ് 21 കാരിയുടെ മുത്തശ്ശി പറയുന്നത്. പെൺകുഞ്ഞാണ് മരിച്ചതെന്ന് ആരോഗ്യ പ്രവർത്തകരെത്തി സ്ഥിരീകരിച്ചു.

 

ഫോറൻസിക് സ്ഥലത്തെത്തി പരിശോധന നടത്തി. പെൺകുട്ടിയുടെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ആശുപത്രിയിൽ ചികിത്സയുള്ള 21 കാരിയെയും പൊലീസ് ഉടൻ ചോദ്യം ചെയ്യും. അതേസമയം, കുഞ്ഞിന്റെ മരണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്‌മോർട്ടം നടപടികളിലേക്ക് എത്തിയതിന് ശേഷം മാത്രമേ ഇക്കാര്യങ്ങളിൽ എല്ലാം വ്യക്തത വരൂ. പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisements
Share news