KOYILANDY DIARY.COM

The Perfect News Portal

കണ്ണിൽ മുളകുപൊടി വിതറി 18 ലക്ഷം രൂപ കവർന്നു; വീട്ടമ്മയുടേത് വ്യാജ പരാതിയെന്ന് തെളിയിച്ച്‌ പൊലീസ്‌

നെടുങ്കണ്ടം: വീട്ടിൽ കയറി വീട്ടമ്മയുടെ കണ്ണിൽ മുളകുപൊടി വിതറി യുവാക്കൾ പണം കവർന്നെന്ന പരാതി വ്യാജമെന്ന്‌ തെളിയിച്ച്‌ പൊലീസ്‌. 18 ലക്ഷം രൂപ തട്ടിയെന്ന പരാതിയാണ്‌ മണിക്കൂറുകൾക്കുള്ളിൽ പൊളിഞ്ഞത്‌. ഓണച്ചിട്ടിയില്‍ നിക്ഷേപിച്ച പണം ആളുകള്‍ക്ക് തിരികെ നല്‍കാന്‍ കഴിയാതെ വന്നതോടെയാണ് ഇടുക്കി നെടുങ്കണ്ടം കോമ്പയാര്‍ സ്വദേശിനി കള്ളക്കഥ ഉണ്ടാക്കിയത്‌.

ഇന്നലെ വൈകുന്നേരം മൂന്നിനാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. രണ്ടംഗ സംഘം വീട്ടിൽ അതിക്രമിച്ചു കയറി ഒറ്റയ്ക്കായിരുന്ന തന്റെ മുഖത്തു മുളകുപൊടി വിതറി ലക്ഷങ്ങൾ തട്ടിയെന്നാണു യുവതി ആരോപിച്ചത്. വന്നവർ മുഖംമൂടി ധരിച്ചിരുന്നു. കണ്ണിൽ മുളകുപൊടി വിതറിയശേഷം അലമാരയിൽ നിന്നു പണം എടുത്തുകൊണ്ടു പോയി എന്നാണു വീട്ടമ്മ പൊലീസിനോട്‌ പറഞ്ഞത്‌.

നെടുങ്കണ്ടം എസ്ഐ ടി എസ് ജയകൃഷ്ണൻ, ജില്ലാ പൊലീസ് മേധാവി ടി കെ വിഷ്ണു പ്രദീപ്‌, കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാൽ ചോദ്യം ചെയ്യലിൽ വീട്ടമ്മ കുഴഞ്ഞു വിണു. മോഷണം പോയ തുകയിലും മൊഴികളിലും വൈരുധ്യം വന്നതോടെ പൊലീസ് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു.

Advertisements

 

ഫൊറൻസിക് സംഘം ഉൾപ്പെടെയുള്ളവർ വരുമെന്നും കൂടുതൽ പ്രശ്നമാകുമെന്നു മനസ്സിലാക്കിയ വീട്ടമ്മ മോഷണം കെട്ടിച്ചമച്ചതാണെന്നു സമ്മതിക്കുകയായിരുന്നു. പരാതി ഇല്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടില്ല. പ്രദേശത്തു വീട്ടമ്മ ചിട്ടി നടത്തുന്നതായി നാട്ടുകാർ പറഞ്ഞു. സമയബന്ധിതമായി നൽകേണ്ട ചിട്ടിപ്പണം കൈവശം ഇല്ലാതെ വന്നപ്പോൾ സൃഷ്ടിച്ച നാടകമാണെന്നാണ് സൂചന.

Share news