വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീര്‍ അവാര്‍ഡ് പി എൻ ഗോപീകൃഷ്ണന്

തലയോലപ്പറമ്പിലെ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റിന്റെ 17-ാമത് ബഷീര്‍ അവാര്‍ഡ് പി എന്‍ ഗോപീകൃഷ്ണന്റെ ‘കവിത മാംസഭോജിയാണ്’ എന്ന സമാഹാരത്തിന് ലഭിച്ചു. 50,000 രൂപയും പ്രശസ്തിപത്രവും സി.എന്‍. കരുണാകരന്‍ രൂപകല്പന ചെയ്ത ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഭാഷാപോഷിണി മുന്‍ ചീഫ് എഡിറ്ററും എഴുത്തുകാരനുമായ കെ.സി. നാരായണന്‍ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാക്കളായ ഡോ. എന്‍. അജയകുമാര്‍, ഡോ. കെ. രാധാകൃഷ്ണവാര്യര്‍ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മറ്റി ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. പി.കെ. ഹരികുമാറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നാണ് അവാര്‍ഡ് നിശ്ചയിച്ചത്.

അനുദിനം വളര്‍ന്നുവരുന്ന അധികാരത്തിന്റെ വിവിധ രൂപങ്ങളെ സൂക്ഷ്മവും
നിശിതവുമായി വിമര്‍ശിക്കുന്ന കവിതകളാണ് പി.എന്‍. ഗോപീകൃഷ്ണന്റെ ‘കവിത
മാംസഭോജിയാണ്’ എന്ന സമാഹാരത്തിലുള്ളത്. നൈതികമായ ജാഗ്രതയും
കവിതയുടെ സൂക്ഷ്മതയും ഒത്തുചേരുന്ന രചനകള്‍. നിലവിലെ ജീവിത അവസ്ഥകളിലേക്ക് നേരേ നോക്കാന്‍ നിര്‍ബന്ധിക്കുന്ന ഈ കവിതകള്‍ സമകാലിക
മലയാള കവിതയുടെ വിശിഷ്ടസ്വരങ്ങളിലൊന്നാണ് എന്ന് ജഡ്ജിങ് കമ്മറ്റി
വിലയിരുത്തി.

വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനമായ 2025 ജനുവരി 21-ന് ജന്മദേശമായ തലയോലപ്പറമ്പിലെ ബഷീര്‍ സ്മാരക മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ അവാര്‍ഡ് നല്‍കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ഡോ. സി.എം. കുസുമന്‍ അറിയിച്ചു. എന്‍. പ്രഭാകരന്‍, റഫീക്ക് അഹമ്മദ്, സാറാ ജോസഫ്, ബി. രാജീവന്‍, എന്‍.എസ്. മാധവന്‍, ആറ്റൂര്‍ രവിവര്‍മ്മ, സുഭാഷ് ചന്ദ്രന്‍, കല്പറ്റ നാരായണന്‍, അഷിത, സെബാസ്റ്റ്യന്‍, വി.ജെ. ജെയിംസ്, ടി. പത്മനാഭന്‍, പ്രൊഫ. എം.കെ. സാനു, കെ. സച്ചിദാനന്ദന്‍, എം. മുകന്ദന്‍, ഇ. സന്തോഷ്‌കുമാര്‍ എന്നിവര്‍ക്കാണ് മുന്‍കാലങ്ങളില്‍ ബഷീര്‍ അവാര്‍ഡ് ലഭിച്ചിട്ടുള്ളത്.

