ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഗ്ലാസ് മിററിൽ നിർമ്മിച്ച് 17 വയസ്സുകാരൻ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു
അത്തോളി: ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഗ്ലാസ് മിററിൽ നിർമ്മിച്ച് 17 വയസ്സുകാരൻ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചു. അത്തോളി അണ്ടിക്കോട് സ്വദേശി അമ്രാസ് മുഹമ്മദാണ് ഇന്ത്യാ റെക്കോഡ്സിന് പിന്നാലെ ഏഷ്യാ ബുക്ക് ഓഫ് റെക്കോഡിസിലും ഇടം പിടിച്ച് നാടിൻ്റെ അഭിമാനമായത്. ഗ്ലാസ് മിററിൽ റൊണാൾഡോയുടെ ഏറ്റവും വലിയ ചിത്രമാണ് അമ്രാസ് നിർമ്മിച്ചത്. കഴിഞ്ഞ ഒരു മാസം മുമ്പാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഗ്ലാസ് മിററിൽ നിർമ്മിച്ച് ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സിൽ അമ്രാസ് ഇടം പിടിച്ചത്.

144 സെന്റീമീറ്റർ ഉയരവും x 171 സെന്റീമീറ്റർ വീതിയിലുമുള്ള ചിത്രമാണ് അമ്രാസ് മുഹമ്മദ് ഗ്ലാസ് മിറർ പീസുകൾ ഉപയോഗിച്ച് നിർമ്മിച്ചിട്ടുള്ളത്. ചാർട്ട് പേപ്പറിൽ ഓരോ ചെറിയ കഷ്ണങ്ങൾ സംയോജിപ്പിച്ച് ദിവസങ്ങളെടുത്താണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്. പാവണ്ടൂർ ഹയർസെക്കണ്ടിറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് അമ്രാസ്. അത്തോളി അണ്ടിക്കോട് സ്വദേശി ഫൈസലിൻ്റെയും കൊയിലാണ്ടി സ്വദേശി സജ്നയുടെയും മകനാണ് ഈ കൊച്ചു മിടുക്കൻ. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട് അമ്രാസിന്.

ചെറുപ്പം മുതൽ ഇത്തരം കാര്യങ്ങൾക്ക് വലിയ താൽപ്പര്യമുണ്ടായിരുന്ന അമ്രാസിന് ഉപ്പയുടെയും ഉമ്മയുടെയും പിന്തുണക്കൊപ്പം യു.പി. സ്കൂളിൽ പഠിപ്പിച്ച ശ്യാമള ടീച്ചർ വലിയ പ്രോത്സാഹനമാണ് നൽകിയതെന്ന് അമ്രാസ് പറഞ്ഞു. കോളിയോടുത്താഴം ഫ്ളാറ്റിലാണ് അമ്രാസും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.





