KOYILANDY DIARY

The Perfect News Portal

സുരേഷ് ഗോപി മത്സരിച്ച തൃശൂർ മണ്ഡലത്തിൽ ഇറക്കിയത്‌ 15 കോടി കുഴൽപ്പണം

തൃശൂർ: സുരേഷ് ഗോപി മത്സരിച്ച തൃശൂർ മണ്ഡലത്തിൽ  ബിജെപി ഇറക്കിയത്‌ 15 കോടി കുഴൽപ്പണം. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻറെ അറിവോടെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് ബിജെപി സംസ്ഥാന -ജില്ലാ കാര്യാലയങ്ങൾ കുഴൽപ്പണ ഹബ്ബായി. കുഴൽപ്പണക്കടത്ത് സംഘത്തിന് തൃശൂരിൽ താവളമൊരുക്കിയതും ജനങ്ങൾ മറന്നിട്ടില്ല. ലോക് സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള സുരേഷ് ഗോപിയുടെ കരുവന്നൂർ ജാഥ നാടകങ്ങൾ കാണുമ്പോൾ തൃശൂരിലെ ജനം മൂക്കത്ത് വിരൽ വയ്ക്കുകയാണ്.
Advertisements
മൂന്നരക്കോടിയുടെ കൊടകര കുഴൽപ്പണക്കവർച്ച കേസിലാണ് ബിജെപിയുടെ വൻ ഹവാല ഇടപാട് പൊലീസ് കണ്ടെത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം അക്കമിട്ട് വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ജില്ലാ ട്രഷറർ സുജയസേനൻ വഴി ഏഴു തവണ പണം ഇറക്കിയതായാണ് പൊലീസ്‌ കണ്ടെത്തൽ. കുഴൽപ്പണം ഇറക്കിയ ധർമരാജനും സംഘത്തിനും താമസസൗകര്യമൊരുക്കിയത്‌ ബിജെപി ജില്ലാ നേതൃത്വമാണ്‌. 
2016 മാർച്ച്‌  12ന്‌ അമല ആശുപത്രി പരിസരത്ത്‌ സുജയ് സേനന്‌ രണ്ടുകോടി കൈമാറി 13ന് വീണ്ടും ഇതേ സ്ഥലത്തു‌വച്ച്‌ 1.5 കോടിയും 14ന്‌ വിയ്യൂരിൽവച്ച്‌ 1.5 കോടിയും  കൈമാറി. 27ന്‌  ഒരുകോടിയും 31ന്‌ 1.10 കോടിയും വീണ്ടും  കൈമാറി. ഏപ്രിൽ മൂന്നിന്‌ 6.3 കോടി തൃശൂർ ബിജെപി ഓഫീസിലെത്തിച്ച്‌ സുജയ് സേനന്‌ കൈമാറി. അഞ്ചിന്‌ വീണ്ടും തൃശൂരിൽ രണ്ടുകോടി എത്തിച്ചതായാണ്‌ പൊലീസ്‌ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്‌. തെരഞ്ഞെടുപ്പ് അട്ടിമറിക്കാണ് ഈ പണം ഇറക്കിയത്.   
കവർച്ച നടന്നയുടൻ ബിജെപി മധ്യമേഖലാ സെക്രട്ടറി കാശിനാഥൻ, ജില്ലാ ട്രഷറർ സുജയ് സേനൻ എന്നിവർ കൊടകരയിലെത്തിയിരുന്നു. പൊലീസിൽ വിവരമറിയിക്കാതെ പണം കടത്തിയ ധർമരാജനെയും പ്രതി റഷീദിനെയും കൂട്ടി ബിജെപി ജില്ലാകമ്മിറ്റി ഓഫീസിലെത്തി. ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരിയും ഓഫീസിലെത്തിയിരുന്നു. ജില്ലാ പ്രസിഡണ്ട് കെ കെ അനീഷ്‌കുമാർ പ്രതികളുമായി കൂടിക്കാഴ്‌ച നടത്തിയതായും കുറ്റപത്രത്തിലുണ്ട്‌. 
കൊടകര കവർച്ചക്കേസിലെ പ്രത്യേക അന്വേഷകസംഘം ഇഡിക്കും തെരഞ്ഞെടുപ്പു കമീഷനും ഇൻകംടാക്‌സ്‌ വകുപ്പിനും സമർപ്പിച്ച റിപ്പോർട്ടിൽ പണമിടപാടിൻറെ ഞെട്ടിക്കുന്ന വിവരങ്ങളുണ്ട്‌. എന്നാൽ, കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്താതെ കേസ്‌ മുക്കിയിരിക്കയാണ്‌. ബിജെപി ജാഥ നയിക്കുന്ന സുരേഷ്‌ ഗോപി പോണ്ടിച്ചേരിയിലെ വ്യാജ വിലാസത്തിൽ  ആഡംബര കാറുകൾ രജിസ്‌റ്റർ ചെയ്‌ത്‌ ലക്ഷങ്ങൾ നികുതി വെട്ടിച്ച കേസിൽ  പ്രതിയായിരുന്നു. വ്യാജ താമസരേഖകൾ നിർമിച്ച്‌ രണ്ട് ആംഡബര കാർ രജിസ്റ്റർ ചെയ്തതിലൂടെ സുരേഷ്‌ ഗോപി 19,60,000 രൂപ നികുതി വെട്ടിച്ചതായി കേസെടുത്തിരുന്നു.