15 ദിവസം പ്രായമുള്ള കുഞ്ഞിനെ വര്‍ഗീയമായി അധിക്ഷേപിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: മംഗലാപുരത്ത് നിന്നും ഹൃദയശസ്ത്രക്രിയയ്ക്കായി റോഡ് മാര്‍ഗം കൊച്ചിയില്‍ എത്തിച്ച കുഞ്ഞിനെ ന്യൂനപക്ഷ ജിഹാദിയാക്കിയ ഹിന്ദു രാഷ്ട്ര സേവകനെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ നെടുങ്കണ്ടത്ത് വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ 153 a, 505, 295 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.
പതിനഞ്ച് ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയ്ക്കായിട്ടായി കഴിഞ്ഞ ദിവസം കൊച്ചിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചപ്പോളായിരുന്നു കുഞ്ഞിനെ അധിക്ഷേപിച്ച് ബിനില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ”കെഎല്‍ 60 ജെ 77398 എന്ന ആംബുലന്‍സിനായി കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി സാനിയ മിത്താഹ് ദമ്ബതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ എന്നായിരുന്നു പോസ്റ്റ്.

ബിനിലിന്‍റെ പോസ്റ്റിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇയാള്‍ പോസ്റ്റ് മുക്കി. തന്‍റെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നായിരുന്നു ഇയാളുടെ ന്യായീകരണം. പ്രതിഷേധം ശക്തമായതോടെ താന്‍ വെള്ളമടിച്ച് ചെയ്തു പോയതാണെന്നും ഇയാള്‍ വിശദീകരിച്ചു. എന്നാല്‍ ബിനിലിനെതിരെ അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡിജിപിക്ക് പരാതി നല്‍കുകയായിരുന്നു. ശ്രീജിത്തിന്‍റെ പരാതിയിലാണ് നടപടി.

