146 വിദേശമദ്യ ഷോപ്പുകള്‍ക്ക് പൂട്ടുവീണു

തിരുവനന്തപുരം: നാളെ മുതല്‍ കേരളത്തിലെ ഭൂരിപക്ഷം മദ്യപന്മാരും തൊണ്ട നനയ്ക്കാന്‍ നെട്ടോട്ടമോടേണ്ടിവരും. പ്രവര്‍ത്തിച്ചിരുന്ന 306 വിദേശമദ്യചില്ലറ വില്‍പ്പനശാലകളില്‍ 149 എണ്ണത്തിന് സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ പൂട്ടുവീണു.ശേഷിക്കുന്നത് 157 എണ്ണം. ബെവ്കോയും കണ്‍സ്യൂമര്‍ഫെഡും മാറ്രിസ്ഥാപിക്കാന്‍ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് ഇവയുടെ എണ്ണം കൂടിയേക്കുമെങ്കിലും അതത്ര എളുപ്പമാവില്ല.
20,000 ത്തില്‍ താഴെ ജനസാന്ദ്രതയുള്ള പഞ്ചായത്തുപരിധികളില്‍ ദൂരപരിധി 220 മീറ്ററാക്കി കുറച്ചിട്ടുണ്ടെങ്കിലും അതിന്റെ ആനുകൂല്യം കേരളത്തിന് കിട്ടാനിടയില്ല. ഇടുക്കി, വയനാട് ജില്ലകളിലാണ് ഇത്രയും കുറഞ്ഞ ജനസംഖ്യയുള്ള പ്രദേശങ്ങള്‍ ഉണ്ടാവാന്‍ സാദ്ധ്യത. പക്ഷെ ഈ പ്രദേശങ്ങളില്‍ വില്‍പ്പനശാലകള്‍ ഇല്ലെന്നാണ് ബെവ്കോയുടെ പ്രാഥമിക നിഗമനം.
ബെവ്കോയും കണ്‍സ്യൂമര്‍ഫെഡും നിലവിലെ മുഴുവന്‍ ഷോപ്പുകള്‍ക്കും ലൈസന്‍സ് എടുക്കാന്‍ അപേക്ഷിച്ചു പണമടച്ചിട്ടുണ്ട്. സ്ഥല സൗകര്യം കിട്ടുന്ന മുറയ്ക്ക് മാറ്റിസ്ഥാപിക്കാന്‍ വേണ്ടിയാണ് ഇത്. ഇതിനിടെ ദൂരപരിധിവ്യവസ്ഥയില്‍ നിന്ന് മദ്യഷാപ്പുകളെ രക്ഷിക്കാന്‍ ഇതിന്റെ എലുക പുനര്‍നിര്‍ണയിച്ചുകൊണ്ട് ടാക്സസ് വകുപ്പ് ഉത്തരവിറക്കി. എക്സൈസ് വകുപ്പിന്റെ ആവശ്യപ്രകാരം മാര്‍ച്ച് 21 ന് പുറത്തിറക്കിയ ഉത്തരവനുസരിച്ച് ഒരു താലൂക്കിലെ ഏതു പഞ്ചായത്തിലേക്കും മദ്യഷോപ്പുകള്‍ മാറ്റിസ്ഥാപിക്കാം.

സംസ്ഥാനത്തെ മദ്യശാലകളുടെ കണക്ക്.
*ബിയര്‍പാര്‍ലര്‍ ഹോട്ടലുകള്‍ – 815
*ഫൈവ് സ്റ്റാർ ബാറുകള്‍ – 31
*ക്ളബ്ബുകള്‍ – 34
*ബെവ്കോ, കണ്‍സ്യൂമര്‍
ഫെഡ് ചില്ലറവില്‍പ്പനശാല – 309

മാറ്റേണ്ടിവരുന്നത്.
*ബിയര്‍പാര്‍ലര്‍ ഹോട്ടലുകള്‍ – 557
*ഫൈവ്സ്റ്റാർ ബാറുകള്‍ – 11
*ക്ളബ്ബുകള്‍ – 18
*ബെവ്കോ – 180
*കണ്‍സ്യൂമര്‍ഫെഡ് – 30
*കള്ളുഷാപ്പുകള്‍ – 1080

കോടതിവിധി മാനിക്കുന്നു:മന്ത്രി സുധാകരന്‍
കോടതിവിധി സംസ്ഥാനസര്‍ക്കാര്‍ മാനിക്കുന്നു. മദ്യവില്‍പ്പനശാലകള്‍ കോടതി നിരോധിച്ചിട്ടില്ല. അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ എവിടെ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. വിധി കണ്ട ശേഷമെ ഇതേക്കുറിച്ചു കൂടുതല്‍ പറയാന്‍ കഴിയൂ. മദ്യശാലകള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത സ്ഥലത്ത് പ്രവര്‍ത്തിക്കുകയെന്നതാണ് ലക്ഷ്യം. പഴഞ്ചന്‍ രീതിയില്‍ ഷോപ്പുകള്‍ പ്രവര്‍ത്തിച്ചു വന്നതാണ് ഇതിനെല്ലാം കാരണം. തീര്‍ത്തും അപരിഷ്കൃതമായ തരത്തിലായിരുന്നു ഇവയുടെ പ്രവര്‍ത്തനം. ഇതൊക്കെ മാറണം. ശുദ്ധമായ മദ്യം ന്യായമായ വിലയ്ക്ക് ആവശ്യക്കാര്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ നയം. അല്ലെങ്കില്‍ ഇവിടെ വ്യാജമദ്യത്തിന്റെ ഒഴുക്കുണ്ടാവും.
