KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് മഴ ശക്തമാകുന്നു: 6411 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

മഴ ശക്തമായതോടെ വിവിധ ജില്ലകളിലായി 221 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. സംസ്ഥാനത്ത് ഇതുവരെ 6411 പേരെയാണ് വീടുകളിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ നേതൃത്വത്തിൽ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണ്. തൃശൂരിൽ തുറന്ന 51 ദുരിതാശ്വാസ ക്യാംപുകളിൽ ഇതുവരെ 1685 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. പത്തനംതിട്ടയിൽ 43 ക്യാംപുകളിലായി 1017 പേരും കോട്ടയത്ത് 45 ക്യാംപുകളിലായി 1075 പേരും കഴിയുന്നുണ്ട്.

തിരുവനന്തപുരത്ത് മൂന്നു ക്യാംപുകളിലായി 43 പേരെയും ആലപ്പുഴയിൽ 15 ക്യാംപുകളിലായി 289 പേരെയും ഇടുക്കിയിൽ എട്ടു ക്യാംപുകളിലായി 160 പേരെയും എറണാകുളത്ത് 20 ക്യാംപുകളിലായി 753 പേരെയും മാറ്റിപ്പാർപ്പിച്ചു. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പുഴയുടെ ഇരു കരകളിലുമുള്ള ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്.

പാലക്കാട് അഞ്ചു ക്യാംപുകളിലായി 182 പേരാണുള്ളത്. മലപ്പുറത്ത് നാലു ക്യാംപുകളിൽ 66 പേരെയും കോഴിക്കോട് 11 ക്യാംപുകളിൽ 359 പേരെയും വയനാട് 11 ക്യാംപുകളിൽ 512 പേരെയും കണ്ണൂരിൽ നാലു ക്യാംപുകളിലായി 217 പേരെയും കാസർ​ഗോഡ് ഒരു ക്യാംപിൽ 53 പേരെയും മാറ്റിപ്പാർപ്പിച്ചു.

Advertisements

മഴ ശക്തമാകുന്ന പശ്ചാത്തലത്തിൽ അപകട മുന്നറിയിപ്പുമായി മന്ത്രി കെ. രാധാകൃഷ്ണൻ രം​ഗത്തത്തി. ദുരന്തബാധിത മേഖലകൾ ടൂറിസം കേന്ദ്രങ്ങളല്ലെന്നും അതിനാൽ സ്ഥലം കാണാൻ ഈ സമയം ആരും വരരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. 2018ലെ പ്രളയത്തിൻ്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ടുതന്നെനല്ല മുന്നൊരുക്കം സർക്കാർ നടത്തിയിട്ടുണ്ടെന്നും മന്ത്രി കെ. രാധാകൃഷ്ണൻ വ്യക്തമാക്കി.

കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ രം​ഗത്തെത്തിയിട്ടുണ്ട്. മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ എന്നീ നാലു നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. ഈ പറഞ്ഞ നാല് നദികൾ ഉൾപ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നു വരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി, ഇടമലയർ ഡാമുകളിൽ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ജല കമ്മിഷൻ വ്യക്തമാക്കുന്നു.

സംസ്ഥാനത്ത് 8 ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. എട്ട് ജില്ലകളിൽ റെഡ് അലർട്ടാണ്. 2 ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. ഇടുക്കി കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട് കണ്ണൂർ ജില്ലകളിലാണ് റെഡ് അലേർട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോട് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിവരെ തൃശ്ശൂർ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ മലയോരമേഖലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *