കുറുവങ്ങാട് അക്വടക്റ്റിന് സമീപം സംസ്ഥാനപാത ചെളിക്കുളമായി


കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിൽ അക്വഡക്ടിന് സമീപം റോഡ് കാളപ്പൂട്ട് മത്സരത്തിന് റെഡി.. റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് കുറുവങ്ങാട് അക്വടക്റ്റിന് സമീപം ചെളിക്കുളമായി മാറിയത്. യാത്രക്കാരും ബസ്സ് കാത്തിരിക്കുന്നവരും ദുരിതത്തിൽ. രണ്ട് ഭാഗങ്ങളിലെയും ബസ്സ് കാത്തിരിപ്പു കേന്ദ്രത്തിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാണുള്ളതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാന പാത പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് 2020 -21 കാലത്ത് കെ. ദാസൻ എം.എൽ.എയുടെ ശ്രമഫലമായി അനുവദിച്ച് കിട്ടിയ 14 കോടി വിനിയോഗിച്ച് നിർമ്മിച്ച റോഡിലാണ് നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം ജനം ദുരിതത്തിലായത്.


അക്വടക്ട് കടന്ന് പോകുന്ന 20 മീറ്ററിലധികം വരുന്ന ഭാഗം ഉയരം കുറച്ച് ഇന്റർ ലോക്ക് ചെയ്താണ് നിർമ്മാണം പൂർത്തീകരിച്ചത് എന്നാൽ ഇരു ഭാഗത്തും അതിനനുസരിച്ചുള്ള ട്രൈനേജ് നിർമ്മിക്കുകയോ റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് പുറത്തേക്ക് ഒഴുക്കിപ്പോക്കാനോ ഉള്ള സംവിധാനവും ഇല്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ നിർമ്മാണം പൂർത്തിയാക്കിയ ഇന്റർ ലോക്ക് തകർന്ന് താഴ്ന്ന നിലയിലാണുള്ളത്. റോഡിന്റെ ഇരു ഭാഗങ്ങളിൽ ഉയരക്കൂടുതലും നടു ഭാഗങ്ങളിൽ താഴ്ന്ന് കിടക്കുന്നതും കാരണം വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്.


ഒരു ചെറിയ മഴവന്നാൽപോലും റോഡിൽ വെള്ളം കെട്ടിനിന്ന് വാഹനം പോകുമ്പോൾ ഇരു ബസ്സ് സ്‌റ്റോപ്പുകളിൽ ബസ്സ് കാത്തിരിക്കുന്നവർക്കും മറ്റ് കാൽ നട യാത്രക്കാരും ചെളിവെള്ളത്തിൽ കുളിക്കേണ്ട ഗതികേടാണ് ഉണ്ടാകുന്നുത്. ബസ്സുകളുടെ മരണപ്പാച്ചിലിനിടെ ഇത് വഴി പോകുന്ന സ്‌കൂൾ കുട്ടികളും, ചെറു വാഹനങ്ങളും നാട്ടുകാരും റോഡിന്റെ ഇരു ഭാഗത്തുമുള്ള കച്ചവടക്കാരും കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്. പലപ്പോഴായി പ്രദേശത്തെ നാട്ടുകാരും കച്ചവടക്കാരും ചേർന്നാണ് റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നത്. അടിയന്തരമായി പ്രശ്‌നം പരിഹരിക്കണമെന്നും കൊയിലാണ്ടി നഗരസഭയും എം.എൽ.എ.യും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നും പ്രദേശവാസിയായ ബിനു വി.വി. മേലൂർ കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.


