കെ.എസ്.ഇ.ബി. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതം: കൗൺസിലർ

കൊയിലാണ്ടി: കെ.എസ്.ഇ.ബി. ജീവനക്കാരനെ മർദ്ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്ന് കൊയിലാണ്ടി നഗരസഭ കൗൺസിലർ വ്യക്തമാക്കി. അതേസമയം വീട്ടിൽ കയറി മകൻ്റെ മുമ്പിൽവെച്ച് ഭാര്യയെ ഭീഷണിപ്പെടുത്തിയതിന് ജീവനക്കാരനെതിരെ പോലീസിൽ പരാതി നൽകി. ഇന്നലെയായിരുന്നു പെരുവട്ടൂരിലുള്ള യൂത്ത് കോൺഗ്രസ്സ് നേതാവായ കൗൺസിലർ വീടിൻ്റെ കരണ്ട് ബിൽ അടക്കാൻ വൈകിയതിനെ തുടർന്ന് മുന്നറിയിപ്പുമായി വന്ന ഉദ്യോഗസ്ഥനെ മർദ്ദിച്ചതായ വാർത്ത പുറംലോകം അറിയുന്നത്. സംഭവത്തിൽ ജീവനക്കാരൻ കൊയിലാണ്ടി പോലീസിൽ പരാതികൊടുക്കുകയും ചെയ്തു. എന്നാൽ നഗരസഭ കൗൺസിലറെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനും കൗൺസിലർ ജീവനക്കാരനെതിരെ പോലീസിൽ പരാതി കൊടുത്തിരിക്കുകയാണ്.

ഫ്യൂസ് വലിക്കാനെത്തിയ ജീവനക്കാരൻ ഭാര്യയോടും മകനോടും കയർത്ത് സംസാരിക്കുകയും സംഭവം അറിഞ്ഞ് ഉടനെ വീട്ടിലെത്തിയ ഞാൻ ഗൂഗിൾ പേ വഴി പണം അടച്ച കാര്യം ജീവനക്കാരനെ ബോധ്യപ്പെടുത്തുകയുമുണ്ടായി. എന്നാൽ ഇങ്ങനത്തെ ഉടായിപ്പ് ഞാൻ കുറേ കണ്ടാതാണെന്ന് പറഞ്ഞ് ജീവനക്കാരൻ എന്നെ അധിക്ഷേപിക്കുകയാണുണ്ടായതെന്നും കൗൺസിലർ വ്യക്തമാക്കി. സംഭവത്തിൽ ഇരുകൂട്ടരെയും കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതായാണ് അറിയുന്നത്.


