വൈദ്യുതി വേലിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ 16 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി

കോഴിക്കോട്: കൃഷിയിടത്തിലെ കാട്ടുമൃഗങ്ങളെ തുരുത്താനായി നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ യുവാവിന്റെ മാതാപിതാക്കള്‍ക്ക് 16 ലക്ഷം രൂപയും ആറ് ശതമാനം പലിശയും ചെലവും പ്രതികള്‍ നല്‍കണമെന്ന് കോടതി വിധി. കേസിലെ പ്രതികളായ കട്ടിപ്പാറ ചമല്‍ സ്വദേശികളായ ബൈജുതോമസ്, കെ.ജെ. ജോസ്, വി.വി. ജോസഫ്, കെ.എസ്.ഇ.ബി. എന്നിവര്‍ തുക നല്‍കണമെന്നാണ് കോഴിക്കോട് രണ്ടാം അഡീഷണല്‍ സബ്‌കോടതി വിധിച്ചത്.

താമരശ്ശേരി കട്ടിപ്പാറ ചമല്‍ കൃഷ്ണാലയത്തില്‍ ദിനേശന്റെ മകന്‍ ശ്രീനേഷിനെ (28)യാണ് 2017 ഒക്‌റ്റോബര്‍ രണ്ടിന് വീടിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തില്‍ വൈദ്യുതാഘാതമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവകാലത്ത് ശ്രീനേഷ് കൊടുവള്ളി കെ.എം.ഒ. കോളേജ് വിദ്യാര്‍ത്ഥിയും താമരശ്ശേരി റിലയന്‍സ് സൂപ്പര്‍മാര്‍ക്കറ്റിലെ പാര്‍ട്ട് ടൈം ജോലിക്കാരാനുമായിരുന്നു.


സംഭവത്തില്‍ താമരശ്ശേരി പോലീസ് രജിസ്റ്റര്‍ കേസില്‍ കട്ടിപ്പാറ ചമല്‍ കരോട്ട് ബൈജു തോമസ്, കരോട്ട് കെ.ജെ. ജോസ്, ചമല്‍ വളവനാനിക്കല്‍ വി.വി. ജോസഫ് (ജോണി) എന്നിവരെ പ്രതികളായി ചേര്‍ത്ത് കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. മൊയ്തീൻ കുട്ടി. ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി. ആർ.ഹരിദാസ്, എസ്.ഐ.മാരായ മോഹനൻ, വി.പി. രവി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. തുടര്‍ന്ന് ശ്രീനേഷിന്റെ മാതാപിതാക്കളായ ദിനേശനും ശ്രീജയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് അഡ്വ.കെ.പി. ഫിലിപ്പ്, അഡ്വ. കെ. മുരളീധരന്‍ എന്നിവര്‍ മുഖേന നല്‍കിയ സിവില്‍ കേസിലാണ് വിധി പുറപ്പെടുവിച്ചത്.


