KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പട്ടണത്തിൽ അനധികൃത മത്സ്യ കച്ചവടം വ്യാപകമാകുന്നു

കൊയിലാണ്ടി പട്ടണത്തിൽ അനധികൃത മത്സ്യ കച്ചവടം വ്യാപകമാകുന്നു. മത്സ്യ മാർക്കറ്റ് എന്തിനെന്ന് ജനം ചോദിക്കുന്നു. സംഭവത്തിൽ വ്യക്തമായ മറുപടിയില്ലാതെ ഉദ്യോഗസ്ഥർ ഒഴിഞ്ഞ് മാറുകയാണെന്ന് നാട്ടുകാരും പറയുന്നു. കഴിഞ്ഞ കുറേകാലങ്ങളായി ബസ്സ്സ്റ്റാൻ്റിന് സമീപത്തും ദേശീയപാതയോരത്തുമായി പട്ടണത്തിൻ്റെ കണ്ണായ ഇടങ്ങളിൽ പെരുകിക്കൊണ്ടിരിക്കുന്ന മത്സ്യ കച്ചവടം കൊയിലാണ്ടിക്ക് ശാപമായിക്കൊണ്ടിരിക്കുകയാണ്. ഗുരുതരമായ മാലിന്യ പ്രശ്നവും, ദുർഗന്ധം പരത്തുകയും, കാൽനട യാത്രക്കാരുടെ സഞ്ചാര സ്വാതന്ത്ര്യവുമാണ് ഇതോടെ ഹനിക്കപ്പെടുന്നത്.

നഗരത്തിൽ പുതിയ ബസ്സ് സ്റ്റാൻ്റിന് തെക്ക് ഭാഗത്തുള്ള റോഡിൻ്റെ ഇരു വശവും കൈയ്യേറിയാണ് ഇപ്പോൾ കച്ചവടം തകൃതിയായി നടക്കുന്നത്. നഗരസഭ ഇ.എം.എസ്. ടൌൺ ഹാളിന് മുൻവശത്ത് രാത്രികാലങ്ങളിലായി മത്സ്യക്കച്ചവടം ചില ദിവസങ്ങളിലായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഇങ്ങനെയുള്ള കച്ചവടങ്ങളാണ് പിന്നീട് സ്ഥിരം സംവിധാനങ്ങളായി മാറുന്നത്. നഗരസഭ സാംസ്ക്കാരിക നിലയിത്തിന് മുൻവശത്തും, താലൂക്കാശുപത്രിയുടെ ഓരത്തും മത്സ്യക്കച്ചവടം വ്യാപകമാവുന്നുണ്ട്.

നഗര സൗന്ദര്യവൽക്കരണത്തിൻ്റെ ഭാഗമായി പട്ടണത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനിടെ തെരുവോരത്തെ മത്സ്യക്കച്ചവടം കൊയിലാണ്ടിയെ പിറകോട്ടാണ് നയിക്കുന്നത്. ആധുനിക രീതിയിലുള്ള ഒരു മത്സ്യ മാർക്കറ്റ് ഉണ്ടായിട്ടും അതിൻ്റെ സൌകര്യം വർദ്ധിപ്പിച്ച് അതിനകത്ത് ഒതുക്കി നിർത്തേണ്ട ഇത്തരം അനധികൃത കച്ചവടം തെരുവോരങ്ങളിലേക്ക് പടരുമ്പോൾ കൊയിലാണ്ടി ഭൂതാകാലത്തേക്കാണ് സഞ്ചരിക്കുന്നതെന്നാണ് ജനം പറയുന്നത്.

Advertisements

ചില പൊതുപ്രവർത്തകർ ഈയിടെ ഇത്തരം കച്ചവടക്കാരോട് കാര്യങ്ങൾ തിരക്കിയപ്പോൾ ഞങ്ങൽക്ക് ഐഡന്റിറ്റി കാർഡ് ഉണ്ടെന്ന മറുപടിയാണ് ലഭിച്ചത്. ഇതിന്റെ മറവിലാണ് തോനുന്നിടത്ത് കച്ചവടം ചെയ്യാനുള്ള ലൈസൻസായി ഇത്തരക്കാർ ദുരപയോഗം ചെയ്യുന്നതെന്ന് പൊതുപ്രവർത്തകരും പറയുന്നു. എന്നാൽ നഗരസഭ ആരോഗ്യ വിഭാഗത്തിൽ അന്വേഷിച്ചപ്പോൾ കിട്ടിയ മറുപടി ചിലർക്ക് മാത്രമാണ് കാർഡ് നൽകിയതെന്നും അതിന് പ്രത്യേക സ്ഥലം നിശ്ചയിച്ചിട്ടുണ്ടെന്നുമാണ് അറിയിച്ചത്. എന്നാൽ കേന്ദ്ര നിയമത്തിന്റെ ഭാഗമായി ഐഡന്റിറ്റി കാർഡ് ലഭിച്ചവർക്ക് നിർബന്ധമായും തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നികുതി അടച്ച് ലൈസൻസ് എടുക്കേണ്ടതാണ്. അങ്ങിനെ നികുതി അടക്കാതെ ആർക്കും കച്ചവടം ചെയ്യാൻ അനുവാദമില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറയുന്നത്. ഇതിനെതിരെ കൊയിലാണ്ടിയിലെ വ്യാപാരികൾക്കും ശക്തമായ പ്രതിഷേധമുണ്ട്.

പട്ടണത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇപ്പോൾ 50ൽ അധികം അനികൃത കച്ചവടം നടക്കുന്നുണ്ടെന്നതാണ് സാരം. മറ്റു കച്ചവടവും ഇതിനിടയിൽ നടക്കുന്നു. ഗുഡ്‌സ് ഓട്ടോയിലായി പഴങ്ങളും പച്ചക്കറികളും മറ്റു പലവിധ സാധനങ്ങളും വീതികുറഞ്ഞ റോഡരികിൽ വിൽക്കുന്നതും പട്ടണത്തിന് വലിയ ഭീഷണിയായിരിക്കുകയാണ്.

ട്രാഫിക് പരിഷ്ക്കാരത്തിന്റെ ഭാഗമായി പട്ടണത്തിൽ വൺവെ സംവിധാനം വന്നെങ്കിലും നടപ്പാക്കാൻ കാഴിയാത്തതിന്റെ പ്രധാന കാരണം ഇത്തരം അനധികൃത കച്ചവടമാണ്. ഇത്തരം കച്ചവടങ്ങൾക്ക് യോജിച്ച സ്ഥലം കണ്ടത്തെിയാൽ ഒരു പരിധിവരെ പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. മെയ് 20ന് ശേഷം നഗരസഭ വെൻറിംഗ് കമ്മിറ്റി വിളിച്ചു ചേർക്കുമെന്നാണ് ആരോഗ്യ വിഭാഗത്തിൽ നിന്ന് അറിയുന്നത്. ഈ യോഗത്തിൽ ഇത്തരം അനധികൃത കൈയ്യേറ്റങ്ങൾക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്.

Share news

Leave a Reply

Your email address will not be published. Required fields are marked *