KOYILANDY DIARY.COM

The Perfect News Portal

‘ജൈവഗൃഹം’

ഇനി ഓരോ തുണ്ട് ഭൂമിയും  കഥ പറയും; ജൈവ സമ്പന്നമായ കാർഷിക സംസ്കാരത്തിന്റെ കഥ!
നിങ്ങളുടെ അഞ്ച് സെന്റ് ഭൂമിയിൽ നിന്നു പോലും ആരോഗ്യവും സന്തോഷവും സംതൃപ്തിയും ലഭിക്കുമെങ്കിലോ? എന്റെ കേരളം പ്രദർശന നഗരിയിലെ കാർഷിക വകുപ്പിന്റെ ‘ജൈവഗൃഹം ‘ കാണാനെത്തുന്നവർക്ക് സംയോജിത കൃഷി രീതിയെപ്പറ്റി ചിന്തിക്കാതെ മടങ്ങാനാവില്ല. 
കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ ആത്മ (അഗ്രികർച്ചറൽ ടെക്നോളജി മാനേജ്മെന്റ് ഏജൻസി) യിലൂടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ജൈവഗൃഹം’ പദ്ധതി വളരെ മനോഹരമായാണ് ഇവിടെ  ആവിഷ്‌കരിച്ചിരിക്കുന്നത്.

സംയോജിത കൃഷി എന്തെന്നും എങ്ങനെ ജൈവഗൃഹമൊരുക്കാമെന്നും സാധാരണക്കാരന് വളരെ എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിൽ കട്ടൗട്ടുകളിലൂടെയും കൃഷിയിടത്തിലൂടെയും അറിവ് പകരുന്നതോടൊപ്പം  സന്തോഷകരമായ  ‘കുടുംബ’മെന്ന കാഴ്ചയും ഒരുക്കിയാണ് ഈ സ്റ്റാൾ വ്യത്യസ്തമാവുന്നത്. ഓരോ പ്രദേശത്തും അവിടുത്തെ മണ്ണിനേയും കാലാവസ്ഥയേയും നിലവിലുള്ള വിഭവങ്ങളേയും അടിസ്ഥാനപ്പെടുത്തി കാർഷിക വിളകൾക്കൊപ്പം മൃഗപരിപാലനം, കോഴി, മത്സ്യം, താറാവ്, തേനീച്ച എന്നിവ ഉൾപ്പെടുത്തി കുറഞ്ഞ ഭൂമിയിൽ നിന്നും കർഷകന് പരമാവധി ആദായം ഉറപ്പാക്കുന്ന രീതിയാണ് സംയോജിത കൃഷി.

ജൈവഗൃഹം ശാസ്ത്രീയ കൃഷിരീതി വഴിയുള്ള സമഗ്ര വികസനത്തോടൊപ്പം പരമ്പരാഗത കൃഷി, പോഷക സുരക്ഷ, ഉറവിട ജൈവ മാലിന്യസംസ്കരണം, ജലസംരക്ഷണം എന്നിവ ഒത്തുചേരുന്നതാണ്. പ്രളയം കൊണ്ട് തകർന്ന കാർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ റീബിൽഡ് കേരള ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ  ‘ജൈവഗൃഹം ‘ പദ്ധതിയിൽ സംസ്ഥാനമൊട്ടാകെ 14000ഉം കോഴിക്കോട് ജില്ലയിൽ മാത്രം 906ഉം ജൈവഗൃഹങ്ങൾ ഒരുക്കിയിട്ടുണ്ട്. അഞ്ച് സെന്റ് മുതൽ ഭൂമിയുള്ള യൂണിറ്റുകളെ തിരഞ്ഞെടുത്ത് വിവിധ ഘടകങ്ങളെ കോർത്തിണക്കി ഫാം പ്ലാൻ തയ്യാറാക്കിക്കൊടുത്ത് വരുമാനവും ഉറപ്പു വരുത്തുന്നു. 3.13 കോടി രൂപയാണ് പദ്ധതി നടപ്പാക്കുന്നതിനായി സർക്കാർ ജില്ലയിൽ അനുവദിച്ചത്. 

Advertisements

കോവിഡ് കാലത്ത് വിദേശത്തെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവരും യുവാക്കളുമാണ് കൂടുതലും ഈ പദ്ധതിയിൽ ആകൃഷ്ടരായെത്തിയതെന്ന് ആത്‌മ ജില്ലാ പ്രൊജക്ട് ഡയറക്ടർ പി.ആർ. രമാദേവി പറഞ്ഞു. വീട്ടിലെ ഓരോ അംഗത്തിനും ആവശ്യമായ സമീകൃതാഹാരം ലഭിക്കുന്നു എന്നതിനപ്പുറം കാർഷിക സ്വയം പര്യാപ്തതയിലേക്കുള്ള കാൽവെപ്പാണ് ജൈവ വൈവിധ്യമാർന്ന ജൈവഗൃഹമെന്നും അവർ പറഞ്ഞു. കർഷകർക്ക് ആവശ്യമായ എല്ലാവിധ സാങ്കേതിക സഹായങ്ങളും നൽകുന്നതോടൊപ്പം, പുതിയ അറിവുകൾ സ്വായത്തമാക്കുന്നതിനായി സംസ്ഥാനത്തിനകത്തും പുറത്തും കൃഷിയിട സന്ദർശനം, സ്വന്തം കൃഷിയിടത്തിൽ അവ ഉപയോഗപ്പെടുത്താനുള്ള പരിശീലനം, ഗ്രൂപ്പുകളുടെ ശാക്തീകരണം തുടങ്ങിയവയാണ് കേന്ദ്ര സർക്കാരിന്റേതായി ആത്മ വഴി നടപ്പാക്കുന്ന മറ്റ് പ്രവർത്തനങ്ങൾ. 60% കേന്ദ്ര സഹായത്തിലും 40% സംസ്ഥാന വിഹിതത്തിലുമൂന്നിയുമാണ് ആത്‌മയുടെ പ്രവർത്തനം.

Share news

Leave a Reply

Your email address will not be published. Required fields are marked *