13, 14 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന സെമിനാറുകളില്‍ പങ്കുചേരാന്‍ സി.പി.എമ്മിന്റെ ദേശീയ, സംസ്ഥാന നേതാക്കളുടെ പട

തൃശൂര്‍: 20 -ാം ഇഎംഎസ് സ്മൃതിയോടനുബന്ധിച്ച് 13, 14 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന സെമിനാറുകളില്‍ പങ്കുചേരാന്‍ സി.പി.എമ്മിന്റെ ദേശീയ, സംസ്ഥാന നേതാക്കളുടെ പട. മാര്‍ക്‌സിസവും ശാസ്ത്രസാങ്കേതികതയും എന്ന വിഷയത്തില്‍ 13 ന് രാവിലെ 9.30 ന് റീജണല്‍ തീയറ്ററില്‍ ദേശീയസംവാദം സി.പി.എം ജന.സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
14നു രാവിലെ 9.30നു പ്രകാശ് കാരാട്ട് പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പി.ബി അംഗം എസ്.ആര്‍.പി, എം.എ.ബേബി എന്നിവര്‍ക്കു പുറമേ ഐ.ടി. വിദഗ്ധന്‍ റോയ് സിങ്കം , ഡോ.സത്യജിത് രഥ്, പി.സായിനാഥ് ഉള്‍പ്പെടെ പ്രമുഖരുടെ നീണ്ടനിരയുണ്ടാകും. ക്രോണി കാപ്പിറ്റലിസം പലരൂപത്തില്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കു ബദല്‍ തേടുന്ന ചര്‍ച്ചകളാണ് നടത്തുകയെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും സംഘാടകസമിതി ചെയര്‍മാനുമായ കെ.രാധാകൃഷ്ണന്‍, കണ്‍വീനര്‍ എം.മുരളീധരന്‍, അക്കാദമിക് കമ്മിറ്റി കണ്‍വീനര്‍ യു.പി.ജോസഫ് എന്നിവര്‍ അറിയിച്ചു.

700 പ്രതിനിധികള്‍ പങ്കെടുക്കും. ഡിജിറ്റല്‍ കുത്തകകളും കൃത്രിമ ധൈഷണികതയും, ആധാര്‍ മുതലാളിത്തം, മുതലാളിത്ത-സോഷ്യലിസ്റ്റ് മാധ്യമം, വിജ്ഞാനകുത്തകാവകാശം, ശാസ്ത്ര, യുക്തി ചിന്താമേഖലകളിലെ കടന്നാക്രമണം, കൃത്രിമ ജനിതക മരുന്നുകളും കൃഷിയും, ഊര്‍ജനയം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍ നടത്തും. ഇ.എം.എസ്. സ്മൃതിക്കു തുടക്കമിട്ട പരേതനായ ചന്ദ്രദത്ത് മാഷെ അനുസ്മരിച്ച് കോടിയേരി പ്രഭാഷണം നടത്തും. ഇന്ത്യയിലെ വിവിധ യൂണിവേഴ്‌സിറ്റികളില്‍ നിന്നു 50 വിദ്യാര്‍ഥികള്‍ പങ്കെടുക്കും.

