പള്ളിയുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണ ശ്രമം: മോഷ്ടാവിനെ നാട്ടുകാർ കൈയ്യോടെ പിടികൂടി
കൊയിലാണ്ടി: മുചുകുന്ന് പള്ളിയിലെ നേർച്ചപ്പെട്ടി തകർത്ത് മോഷണം നടത്തു്നനതിനിടെ മോഷ്ടാവിനെ നാട്ടുകാർ കൈയ്യോടെ പിടികൂടി. തുടർന്ന് കൊയിലാണ്ടി പോലീസിനെ വിവരമറിയിച്ച് മോഷ്ടാവിനെ കൈമാറി. 42 വയസ്സുകാരൻ ചെരണ്ടത്തൂർ കണ്ടി മീത്തൽ നൗഷാദ് അബ്ദുള്ളയാണ് നാട്ടുകാരുടെ പിടിയിലായത്. കൂടെയുള്ള മറ്റൊരു സഹായി ഓടി രക്ഷപ്പെട്ടു. തമിഴ്നാട് സ്വദേശിയായ മുത്തു എന്നയാളാണ് ഓടി രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. പള്ളിയിൽ താമസിക്കുന്നയാൾ ശബ്ദം കേട്ട് സംശയം തോന്നിയതിനെ തുടർന്ന് തൊട്ടടുത്ത് താമസിക്കുന്നവരെ ഫോണിൽ വിളിച്ച് അറിയിച്ചതിനെ തുടർന്നാണ് മോഷ്ടാവിനെ പിടികൂടാനായത്.

സമീപ പ്രദേശത്തുള്ള ക്ഷേത്ര ഭണ്ഡാരങ്ങളിലും കവർച്ച നടത്തിയശേഷമാണ് ഇവർ പള്ളിയിലെത്തിയത്. 3000 – ഓളം രൂപ പ്രതിയിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു.. പ്രതികൾ സഞ്ചരിച്ച ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊയിലാണ്ടി എസ്.ഐ. എം.എൽ. അനൂപ്, സി.പി.ഒ. മാരായ സുബിൻ, അജയ് എന്നിവരാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്ന് കോടയിയിൽ ഹാജരാക്കും.





