KOYILANDY DIARY.COM

The Perfect News Portal

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം: കഥയും തിരക്കഥയും പൂർത്തിയായി

കൊയിലാണ്ടി: മലബാർ കലാപത്തിലെ മുന്നണിപ്പോരാളി വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ അദ്ദേഹത്തെക്കുറിച്ചുള്ള സിനിമയുടെ തിരക്കഥയും പൂർത്തിയാകുന്നു. പ്രശസ്ത നാടകകാരൻ ഇബ്രാഹിം വേങ്ങരയാണ് ചരിത്രവും വാമൊഴിക്കഥകളുമെല്ലാം ഇഴപിരിച്ചെടുത്ത് തിരക്കഥ രചിച്ചത്. ഏതാണ്ട് പത്തു വർഷക്കാലത്തെ നിരന്തര പഠനങ്ങളുടേയും ഗവേഷണങ്ങളുടേയും ഫലമായാണ് വാരിയൻ കുന്നത്തിന്റെ കഥയും തിരക്കഥയും പൂർത്തിയാക്കിയത്. മലബാർ കലാപവുമായി ബന്ധപ്പെട്ട് ഇ എം എസ് അടക്കമുള്ളവരുടെ രചനകൾ പഠനവിധേയമാക്കിയിട്ടുണ്ട്. 1922 ജനുവരി 21ന് മലപ്പുറം കോട്ടക്കുന്നിൽ വച്ചാണ് ബ്രിട്ടീഷ് പട്ടാളക്കാർ വാരിയൻകുന്നത്തിനെ വെടിവെച്ചു കൊന്നത്.  വാരിയൻകുന്നത്തിന് ഒമ്പത്‌ വയസ്സുള്ളപ്പോഴാണ് അദ്ദേഹത്തിന്റെ പിതാവ് മൊയ്തീൻകുട്ടി ഹാജിയെ ബ്രിട്ടീഷുകാർ ആന്തമാനിലേയ്ക്ക് നാടുകടത്തിയത്.  

ബാപ്പയുടെ പിറകെ കരഞ്ഞുകൊണ്ടോടിയ മകനെ വണിക്കുകളുടെ പായക്കപ്പലിലേയ്ക്ക് വലിച്ചെറിയുകയായിരുന്നു. മക്കയിലാണ് എത്തിയത്. വർഷങ്ങൾക്കു ശേഷം ആന്തമാനിലേയ്ക്ക് പോയി ബാപ്പയെ കണ്ടെത്തുകയും മരണാവസ്ഥയിലായിരുന്ന ബാപ്പ മകന്റെ മടിയിൽ കിടന്ന് മരിക്കുകയും ചെയ്തു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കണമെന്ന പിതാവിന്റെ നിർദേശമനുസരിച്ചാണ് മലബാർ കലാപത്തിൽ ആലി മുസ്ല്യാർക്കൊപ്പം മുന്നണിപ്പോരാളിയാകുന്നത്. മലയാളത്തിലെ  പ്രശസ്ത നടനാണ് സിനിമയിൽ വാരിയൻകുന്നത്തിനെ അവതരിപ്പിക്കുന്നത്. തിരക്കഥ അദ്ദേഹം വായിച്ചു കഴിഞ്ഞതായും കോവിഡ് കാലത്തെ പുതിയ അവസ്ഥ കണക്കാക്കിക്കൊണ്ട് അധികം വൈകാതെ ചിത്രീകരണത്തിലേക്കെത്തുമെന്നും ഇബ്രാഹിം വെങ്ങര പറഞ്ഞു. 

ആയിരക്കണക്കിന് ആർട്ടിസ്റ്റുകൾ രംഗത്തുവരുന്ന സിനിമയുടെ ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  നേരത്തേ വാരിയൻകുന്നത്തിനെ കേന്ദ്ര കഥാപാത്രമാക്കി ഇബ്രാഹിം വേങ്ങര ഏകപാത്രനാടകവും രചിച്ചിരുന്നു. വേങ്ങരയുടെ കലാജീവിതത്തിലെ തീർത്തും വ്യത്യസ്തമായ ഒരു കലാസൃഷ്ടിക്കാണ് മലയാളം കാത്തിരിക്കുന്നത്. ജീവിച്ചിരുന്നപ്പോൾ വാരിയൻകുന്നത്തിനെ എതിർത്ത പലരും ഇപ്പോൾ ചില പ്രത്യേക താൽപ്പര്യങ്ങൾക്കായി ചരിത്രം വളച്ചൊടിക്കുന്ന വർത്തമാനകാലത്ത് യഥാർഥ ചരിത്രം സിനിമയിലൂടെ കാട്ടിക്കൊടുക്കുക എന്നതുകൂടി തന്റെ ജീവിതത്തിലെ ഉത്തരവാദിത്വമായി കാണുന്നുവെന്ന് ഇബ്രാഹിം വേങ്ങര പറഞ്ഞു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *