കോഴിക്കോട്: ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഫെബ്രുവരി 23, 24 തിയ്യതികളിലെ പണിമുടക്ക് വിജയിപ്പിക്കാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങും. സർക്കാർ ജീവനക്കാരുടെ പെൻഷൻ സംരക്ഷിക്കുന്നതുൾപ്പെടെ തൊഴിലാളികൾ വർഷങ്ങളായി ഉന്നയിക്കുന്ന നിരവധി പ്രശ്നങ്ങൾക്ക് ഇനിയും പരിഹാരം ഉണ്ടാവേണ്ട സാഹചര്യത്തിലാണ് പണിമുടക്ക്. സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീം ഉദ്ഘാടനംചെയ്തു. പ്രതിലോമ രാഷ്‌ട്രീയമുള്ള ആർഎസ്‌എസ് നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഇന്ത്യൻ ഭരണഘടനയെ മരണത്തിലേക്ക് നയിക്കുകയാണ്. മനുഷ്യനെ മതത്തിന്റെ പേരിൽ വിഭജിക്കുന്നു.
ജാതീയമായ വേർതിരിവുകളോ അയിത്തമോ ഇല്ലാതാക്കാൻ ഈ സർക്കാർ ശ്രമിക്കുന്നില്ല. പശുവിനുള്ള അവകാശംപോലും ദളിതർക്ക് ഈ ഭരണത്തിൽ ലഭിക്കുന്നില്ല. മുഖ്യമന്ത്രിക്കെതിരെ പോലും ജാതിയുടെ പേരിൽ അധിക്ഷേപിക്കുന്നത് അങ്ങനെയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് അധ്യക്ഷനായി. യൂണിയൻ സംസ്ഥാന പ്രസിഡന്റ് ഇ പ്രേംകുമാർ, വി പി രാജീവൻ, ആർ ജൈനേന്ദ്രകുമാർ എന്നിവർ സംസാരിച്ചു. കെ പി രാജേഷ് സ്വാഗതവും പി സി ഷജീഷ് കുമാർ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി പി സത്യൻ പ്രവർത്തന റിപ്പോർട്ടും എസ് ഗോപകുമാർ സംഘടനാ റിപ്പോർട്ടും വി സാഹിർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

