കൊയിലാണ്ടി താലൂക്കാശുപത്രി ഗൈനക്കോളജി ബ്ലോക്ക് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മുഴുവൻ ജനങ്ങൾക്കും രോഗപ്രതിരോധശേഷി ഉണ്ടാക്കുന്ന തരത്തിൽ ആരോഗ്യ വകുപ്പിൻ്റെ കീഴിൽ സംസ്ഥാനത്ത് പുതിയ ബോധവൽക്കരണം നടത്തുമെന്ന് ആരോഗ്യ വനിതാ ശിശു വികസന വകുപ്പു മന്ത്രി വീണാ ജോർജ് പറഞ്ഞു. കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാക്വാർട്ടേഴ്സ് ആശുപത്രിയിൽ ലക്ഷ്യ സ്റ്റാൻഡേർഡിൽ നിർമ്മിച്ച ഗൈനക്കോളജി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഗുണനിലവാരം ഉയർത്താൻ ആരോഗ്യരംഗത്ത് പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. സെക്കൻ്ററി തലങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി സേവനങ്ങൾ നടപ്പാക്കും. മുഴുവൻ ആശുപത്രികളും രോഗീ സൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 35 കോടിയുടെ പുതിയ കെട്ടിടത്തിൻ്റെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ കാനത്തിൽ ജമീല എംഎൽഎ അധ്യക്ഷയായി. താലൂക്കാശുപത്രിയിൽ 17770000 (ഒരു കോടി എഴുപത്തേഴ് ലക്ഷത്തി എഴുപതിനായിരം) രൂപ ചെലവിലാണ് ഗൈനക്കോളജി ബ്ലോക്ക് ഒരുക്കിയിട്ടുള്ളത്. സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിൽ ലക്ഷ്യപദ്ധതിയിൽ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡ്ലൈഫ് കെയര്‍ ലിമിറ്റഡാണ് ആധുനിക സൗകര്യത്തോടെയുളള പ്രസവ വാര്‍ഡ് ഒരുക്കലിന് മേൽനോട്ടം വഹിച്ചത്.


പുതിയ കെട്ടിടത്തിൽ രണ്ടാം നിലയിലാണ് പ്രസവ വാര്‍ഡ് സജ്ജമാക്കിയത്. ഇവിടെ വെയിറ്റിംഗ് ഏരിയ, നേഴ്‌സിംഗ് സ്റ്റേഷനുകള്‍, പ്രസവ വേദനയുമായി വരുന്ന ഗര്‍ഭിണികളെ കിടത്താന്‍ യൂണിറ്റ് വാര്‍ഡുകള്‍, ലേബര്‍ റൂം,ഡോക്ടര്‍ റൂം, ഓപ്പറേഷന്‍ റൂം, നവജാത ശിശുക്കള്‍ക്കായി പ്രത്യേക വിഭാഗം, ശസ്ത്രക്രിയ്ക്ക് മുമ്പും ശേഷവുമുളള വാര്‍ഡുകള്‍ തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. കേന്ദ്രീകൃത എസി സംവിധാനത്തോടു കൂടി ഓപ്പറേഷൻ തിയേറ്ററും മററു സൗകര്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്.


ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ ഉമർ ഫാറൂഖ് റിപ്പോർട്ട് അവതരിപ്പിച്ചു. മുന് എം.എല്.എ കെ ദാസൻ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ, ആരോഗ്യ വകുപ്പു ഡയറക്ടർ ഡോ വി ആർ രാജു, ആരോഗ്യസ്ഥിരം സമിതി ചെയർപേഴ്സൺ സി പ്രജില, വാർഡ് കൗൺസിലർ എ അസീസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ നവീൻ, രാഷ്ട്രീയ പാര്ട്ടി പ്രതിനിധികളായ കെ കെ മുഹമ്മദ്, വിവി സുധാകരൻ, എസ്. സുനിൽ മോഹൻ, വായനാരി വിനോദ്, വി പി ഇബ്രാഹിം കുട്ടി, ഇ എസ് രാജൻ, സി. സത്യചന്ദ്രൻ, അഡ്വ ടി കെ രാധാകൃഷ്ണൻ, സുരേഷ് മേലേപ്പുറത്ത്, ഹുസൈൻ തങ്ങൾ എന്നിവർ സംസാരിച്ചു. നഗരസഭാ ചെയർപേഴ്സൺ കെ പി സുധ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. ഷീല ഗോപാലകൃഷ്ണൻ നന്ദിയും പറഞ്ഞു.


