ദേശീയപാതയുടെ പേരിൽ ആരാധനാലയങ്ങൾ തകർക്കരുത്: തിരുവങ്ങൂരിൽ പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: കഴിഞ്ഞ 10 വർഷത്തോളമായി നിരന്തര നിവേദനങ്ങൾ നടത്തിയിട്ടും വെറ്റിലപ്പാറ മുഹിയുദ്ദീൻ ജുമാ മസ്ജിദും തിരുവങ്ങൂർ നരസിംഹ-പാർത്ഥസാരഥി ക്ഷേത്രവും തകർക്കുന്ന രീതിയിലുള്ള അധികൃതരുടെ നടപടിക്കെതിരെ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. പള്ളിക്കു മുൻവശം നടന്ന കൂട്ടായ്മ മസ്ജിദ് ഖത്തീബ് അബ്ദുൾ ഹക്കിം സഅദി ഉദ്ഘാടനം ചെയ്തു. കണ്ണഞ്ചേരി വിജയൻ, സുധ തടവങ്കയ്യിൽ, എൻ.കെ. അനിൽ, എ.കെ. സുനിൽ, യു.കെ. രാഘവൻ, അബ്ദുൾ ഹക്കിം മുസ് ലിയാർ കാപ്പാട് എന്നിവർ സംസാരിച്ചു.

റോഡിന് പടിഞ്ഞാറുവശം ഒഴിഞ്ഞുകിടക്കുന്ന സ്ഥലം ഹൈവേ വികസനത്തിന് ഉപയോഗപ്പെടുത്തി ആരാധനാലയങ്ങളെ സംരക്ഷിക്കണമെന്ന് കൂട്ടായ്മ അധികൃതരോട് ആവശ്യപ്പെട്ടു. സായാഹ്ന ധർണ്ണ , സുരക്ഷ കവചം തുടങ്ങി വിവിധ പ്രതിഷേധ സമരങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. മഹല്ല് കമ്മിറ്റിയും ക്ഷേത്ര ഭരണ സമിതിയും ഉൾപ്പെടുന്ന ക്ഷേത്രം – മസ്ജിദ് സംരക്ഷണ സമിതിയുടെ നേത്യത്വത്തിലാണ് പ്രതിഷേധ പ്രവർത്തനങ്ങൾ നടക്കുന്നത്.


