പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടിക്കയറി. പ്രവേശനോത്സവം ആവേശമായി

ചെങ്ങോട്ടുകാവ്: പഞ്ചായത്ത് പ്രസിഡണ്ട് കൊട്ടിക്കയറിയപ്പോൾ പ്രവേശനോത്സവത്തിനെത്തിയ വിദ്യാർത്ഥികൾക്ക് ആവേശം ഇരട്ടിച്ചു. ഇതോടെ കെ. കെ. കിടാവ് മെമ്മോറിയൽ യു പി സ്കൂൾ പ്രവേശനോത്സവം ശ്രദ്ധേയമായി. സ്കൂളിന് സമീപം വിദ്യാർത്ഥികൾ എത്തുന്നതിനിടെ ദൂരെ നിന്ന് കേട്ട ചെണ്ടക്കൊട്ടിൻ്റെ ശബ്ദം ഒരു പൂരപ്പറമ്പിന് സമാനമായ അന്തരീക്ഷം സൃഷ്ടിക്കുകയുണ്ടായി. കുട്ടികൾക്ക് ഇത് ഉണ്ടായക്കിയത് പുതിയ ഒരു അനുഭവം തന്നെ. സ്കൂൾ ഗേറ്റ് കടന്ന് അകത്തെത്തിയതോടെ പിന്നീട് കണ്ടത് പ്രവേശനോത്സവം ഉത്ഘാടനം ചെയ്യാനെത്തിയ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ വിദ്യാർത്ഥികളെ ചെണ്ട കൊട്ടി വരവേൽക്കുന്ന കാഴ്ചയാണ്. ചെണ്ട അഭ്യസിച്ചിട്ടില്ലെങ്കിലും അഭ്യാസികളോടൊപ്പം താളം തെറ്റാതെ കൊട്ടിക്കയറിയപ്പോൾ പ്രസിഡണ്ടിനും ആവേശം ഏറി.

തുടർന്ന് പ്രവേശനോത്സവത്തിൻ്റെ ഭാഗമായി നടന്ന ചടങ്ങ് പ്രസിഡണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് കെ. ശരത്ത് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ കെ.എം മനു, മാനേജർ വി. അബ്ദുറസാക്ക് ആശംസകൾ നേർന്നു. പി.ടി.എ വൈ : പ്രസിഡൻറ് വിസ്മയ, മദർ പി.ടി.എ പ്രസിഡൻറ് ജിജില മാവിലാരി, ഹെഡ്മാസ്റ്റർ അബ്ദുൾ നിസാർ, ബി.കെ. പ്രവീൺ എന്നിവർ സംസാരിച്ചു.


