കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ്റെ പുതിയ കെട്ടിടത്തിൻ്റെ പണി പൂർത്തിയായി
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ വികസനത്തിൻ്റെ ഭാഗമായി ആരംഭിച്ച പുതിയ കെട്ടിടത്തിൻ്റെ നിർമ്മാണം 95 ശതമാനവും പൂർത്തിയായി. ടിക്കറ്റ് കൗണ്ടർ, റിസർവേഷൻ കൗണ്ടർ എന്നിവ ഇനി മുതൽ പുതിയ കെട്ടിടത്തിലേക്ക് മാറ്റും. ഇതോടെ സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുന്ന റെയിൽവെ സ്റ്റേഷനിലെത്തുന്ന യാത്രക്കാർക്ക് താൽക്കാലിക പരിഹാരമാകുകയാണ്. പുതിയകെട്ടിടം നിർമിച്ചെങ്കിലും ടിക്കറ്റ് കൗണ്ടർ ഇതുവരെയും മാറ്റിയിട്ടില്ല. പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിച്ച് ലിഫ്റ്റ് സംവിധാനം, ടൈൽ വിരിക്കൽ, ആവശ്യത്തിന് ഇരിപ്പിടങ്ങൾ എന്നിവ കൂടി ഏർപ്പെടുത്തുന്നതോടെ സ്റ്റേഷൻ വികസനം കുറെകൂടി മുന്നോട്ട് പോകും. എങ്കിലും താലൂക്ക് ആസ്ഥാനമായ കൊയിലാണ്ടിയിൽ ഇനിയും വികസനം എത്തിയാൽ മാത്രമേ നിലവിലുള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുകയുള്ളൂ.

ദീർഘദൂര വണ്ടികൾക്ക് ഇനിയും സ്റ്റോപ്പ് അനുവദിക്കാത്തതാണ് യാത്രക്കാർക്ക് ഏറെ പ്രതിസന്ധികൾ ഉണ്ടാക്കുന്നത്. അതിന് ജനപ്രതിനിധികൾ ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നാണ് നാട്ടുകാരുടെ ഒരു പ്രധാന ആവശ്യം. കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നതോടെ കൊയിലാണ്ടി സ്റ്റേഷനിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധന വന്നിട്ടുണ്ട്. കണ്ണൂർ-ഷൊർണൂർ മെമു വണ്ടിയിൽ ഒഴികെ ബാക്കി വണ്ടികളിലെല്ലാം യാത്രചെയ്യണമെങ്കിൽ ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യണം. കൊയിലാണ്ടി സ്റ്റേഷനിൽ റിസർവേഷൻ സൗകര്യം രാവിലെ എട്ടുമണി മുതൽ രാത്രി എട്ടുമണിവരെ ലഭ്യമാണ്. മുമ്പ് പാസഞ്ചറായി ഓടിയ വണ്ടികൾ ഇപ്പോൾ എക്സ്പ്രസ്സുകളായാണ് ഓടുന്നത്.


അത് പാസഞ്ചറുകളായി തന്നെ ഓടണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്. പാസഞ്ചറായി ഓടുമ്പോൾ യാത്രാ നിരക്കിലും ഇളവുകൾ ലഭിക്കും. വെസ്റ്റ് കോസ്റ്റ്, നേത്രാവതി, ഇൻ്റർസിറ്റി എന്നീ വണ്ടികൾ കൊയിലാണ്ടി സ്റ്റേഷനിൽ നിർത്തണമെന്നാവശ്യത്തിന് വളരെകാലത്തെ പഴക്കമുണ്ട് ഇവിടുത്തെ മാറി മാറി വന്ന പാർലമെൻ്റ് അംഗങ്ങൾ ഇക്കാര്യത്തിൽ കാണിക്കുന്ന അനാസ്ഥയിൽ ജനങ്ങൾക്ക് വലിയ പ്രതിഷേധമാണ് ഉള്ളത്.


