കേരളത്തെ കാർഷിക മേഖലയിൽ സ്വയം പര്യാപ്തമാക്കാനുള്ള കർമ പദ്ധതികൾക്ക് തുടക്കം കുറിച്ചു
ബാലുശ്ശേരി: കേരളത്തിൽ പച്ചക്കറികളുടെ ഉപയോഗം കൂടിവന്ന സാഹചര്യത്തിൽ കേരളത്തെ കാർഷിക മേഖലയിൽ സ്വയം പര്യാപ്തമാക്കാനുള്ള കർമ പദ്ധതികൾക്ക് തുടക്കം കുറിച്ചതായി കൃഷിവകുപ്പു മന്ത്രി പി. പ്രസാദ്. ബാലുശ്ശേരി ബ്ലോക്ക് തല കാർഷിക വർക്ക് ഷോപ്പ് പ്രവൃത്തി പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവിതശൈലീ രോഗങ്ങൾ വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ വിഷരഹിത പച്ചക്കറി ഉത്പാദനത്തെയും അതിനായി കൃഷിയിറക്കുന്ന കർഷകരെയുമാണ് നാം പ്രോത്സാഹിപ്പിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. ഒരുകോടി ഫലവൃക്ഷത്തൈ വിതരണം, കാർഷിക പദ്ധതികളുടെ ആൽബം പ്രകാശനം, ജില്ലാതല കാർഷിക അവാർഡിന് അർഹരായവരെ ആദരിക്കൽ എന്നിവയും നടന്നു.


കെ.എം. സച്ചിൻ ദേവ് എം.എൽ.എ. അധ്യക്ഷതവഹിച്ചു. നൂറുവയസ്സ് പിന്നിട്ട് കാർഷികമേഖലയിൽ സജീവമായ കർഷകൻ ചെക്കുട്ടിയെ മന്ത്രി പൊന്നാട അണിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, കൃഷി അസി. ഡയറക്ടർ അനിത പാലാരി, ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി.എം. ശശി, എം.കെ. വനജ, റംല മാടമ്പള്ളിക്കുന്നത്ത്, ആലങ്കോട് സുരേഷ് ബാബു, ഡി.ബി. സബിത, എം.കെ. ജലീൽ, ജോബി സാലസ് എന്നിവർ സംസാരിച്ചു.


