പറമ്പിക്കുളം കടുവാ സങ്കേതത്തിൽ മുമ്പെങ്ങും കാണാത്ത 11തരം ഉഭയജീവികളും12 തരം ഉരഗങ്ങളും

കൊല്ലങ്കോട്: പറമ്പിക്കുളം കടുവാ സങ്കേതത്തിൽ മുമ്പെങ്ങും കാണാത്ത 11 തരം ഉഭയജീവികളും 12 തരം ഉരഗങ്ങളും. ശാസ്ത്രീയമായി നടത്തിയ സർവേയിൽ 66 തരം ഉഭയജീവികളെയും 81 തരം ഉരഗങ്ങളെയും രേഖപ്പെടുത്തി. പരിണാമപരമായി വളരെയധികം പ്രാധാന്യമുള്ള ആഗോളതലത്തിൽ വംശനാശ ഭീഷണി നേരിടുന്ന പാതാള തവളയുടെ വാൽമാക്രികളുടെ സാന്നിധ്യം പറമ്പിക്കുളത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും കണ്ടെത്തി.
ഐയുസിഎൻ ചുവപ്പുപ്പട്ടികയിൽ ക്രിറ്റിക്കലി എൻഡെയ്ൻഞ്ചെർഡ് വിഭാഗത്തിലുള്ള മാർക്കി ഇലത്തവളയുടെ സാന്നിധ്യം പ്രധാനമായി. തമിഴ് നാടിനോട് ചേർന്ന വരണ്ട ഇലപൊഴിയും കാടുകളുള്ള പ്രദേശത്ത് രേഖപ്പെടുത്തിയ മലബാർ ചൊറിത്തവള കേരളത്തിൽ ചിന്നാർ, വാളയാർ പ്രദേശങ്ങളിൽ മാത്രം കണ്ടിട്ടുള്ളതാണ്.
തവളകളുടെ വൈവിധ്യം

നിത്യഹരിത വനങ്ങളിലും ചോലവനങ്ങളിലും കാണുന്ന കടലാർ ചതുപ്പൻ തുടങ്ങി 66 തരം ഉഭയജീവികളിൽ നാൽപ്പത്തിയെട്ടും പശ്ചിമഘട്ട തദേശ ജാതികളാണ്. ഇന്ത്യയിലെ തവളകളിൽ അപൂർവമായ, പശ്ചിമഘട്ടമലനിരകളിൽ കാണപ്പെടുന്ന മതികെട്ടാൻ ചോല ദേശീയോദ്യാനത്തിലെ ഫ്ലാഗ്‌ഷിപ് സ്പീഷീസ് കൂടിയായ ചോലക്കറുമ്പി തവളകളെ കൂടുതലായി പറമ്പിക്കുളത്തുനിന്നും കണ്ടെത്താനായത് കടുവാസങ്കേതത്തിന്റെ ഉഭയജീവിവൈവിധ്യത്തെ വിളിച്ചോതുന്നു.

പറമ്പിക്കുളത്ത് കടുവകൾ മാത്രമല്ല ഉഭയ, -ഉരഗ ജീവികളെപ്പോലുള്ള പ്രകൃതിയിലെ ചെറിയ മാറ്റങ്ങൾപോലും സാരമായി ബാധിക്കുന്ന ചെറുജീവികളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നതാണ് ഇത്തരം സർവേ.

പല്ലികൾ പലതരം
81ഉരഗങ്ങളിൽ 31 എണ്ണം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. പല്ലികളിൽ അപൂർവയിനമായ ആനമല ദ്രാവിഡോഗെക്കോ, കാട്ടുപുള്ളി പല്ലി, അടുത്തിടെ കണ്ടെത്തിയ ചെങ്ങോടുമല നിലപല്ലി, പീരുമേടൻ പൂച്ചക്കണ്ണൻ പാമ്പ്, മഞ്ഞ പൂച്ചക്കണ്ണൻ പാമ്പ് തുടങ്ങി ഒരുപാടിനങ്ങൾ പുതുതായി രേഖപ്പെടുത്തി. ആദ്യമായാണ് നൂറിലധികം പേരടങ്ങുന്ന ഗവേഷകരും വിദ്യാർഥികളും പ്രകൃതി നിരീക്ഷകരും വനപാലകരും ഉൾപ്പെടുന്ന സംഘം പറമ്പിക്കുളത്ത് ഉഭയ -ഉരഗ ജീവികളെ ഒരുമിച്ചാക്കി സർവേ നടത്തുന്നത്.
കേരള വനം വകുപ്പ്, പറമ്പിക്കുളം ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ, ആരണ്യകം നേച്ചർ ഫൗണ്ടേഷൻ എന്നിവ ജൂലൈ 27 മുതൽ 30 വരെയാണ് സർവേ നടത്തിയത്. പറമ്പിക്കുളം കടുവാ സങ്കേതം ഡപ്യൂട്ടി ഡയറക്ടർ ആർ സുജിത്ത്, അസിസ്റ്റന്റ് കൺസർവേറ്റർ മുഹമ്മദ് അൻവർ, ഗവേഷകരായ ഡോ. സന്ദീപ്ദാസ്, ഡോ. കെ പി രാജ്‌കുമാർ, റേഞ്ച് ഓഫീസർമാരായ ബ്രിജേഷ് വസന്തൻ, അജയൻ എന്നിവർ നേതൃത്വം നൽകി.
