KOYILANDY DIARY.COM

The Perfect News Portal

നിപ സാമ്പിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവ്

തിരുവനന്തുപരം: നിപ സാമ്പിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. രണ്ടു കുഞ്ഞുങ്ങളടക്കം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 21 പേരാണ് ഇപ്പോള്‍ ഐസൊലേഷനിലുള്ളത്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി വ്യക്തമാക്കി.വെള്ളിയാഴ്ചവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു.

അവസാനം പോസിറ്റീവായ വ്യക്തിയുടെ കോണ്ടാക്ട് ട്രേസിങ് ഉടന്‍ പൂര്‍ത്തിയാക്കും. ആദ്യം വൈറസ് ബാധിച്ച വ്യക്തിയുടെ രോഗ ഉറവിടം തിരിച്ചറിയാനുള്ള നടപടികളും ഉടന്‍ പൂര്‍ത്തിയാക്കും. അതിനായി അദ്ദേഹത്തിൻറെ മൊബൈല്‍ ലൊക്കേഷന്‍ ഉള്‍പ്പടെ ശേഖരിക്കും. ഇതിന് പോലീസിൻറെ സഹായം തേടിയിട്ടുണ്ട്. സാമ്പിള്‍ ശേഖരണത്തിന് രോഗികളെ എത്തിക്കാന്‍ കൂടുതല്‍ ആംബുലന്‍സ് ലഭ്യമാക്കും.

മറ്റ് ജില്ലകളിലുള്ള സമ്പര്‍ക്കത്തില്‍പ്പെട്ടവരുടെ സാമ്പിളും ശനിയാഴ്ച തന്നെ ശേഖരിക്കും. രോഗികള്‍ക്ക് മോണോ ക്ലോണല്‍ ആന്റിബോഡി നല്‍കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മോണോ ക്ലോണല്‍ ആന്റി ബോഡി കൂടുതല്‍ എത്തിക്കാന്‍ കേന്ദ്രം സഹായം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Advertisements
Share news