KOYILANDY DIARY

The Perfect News Portal

കേരളത്തിന് 5 സ്വർണ്ണമടക്കം 11 മെഡൽ

വനിതകളുടെ ട്രിപ്പിൾജമ്പിൽ കേരളത്തിന്റെ എൻ വി ഷീന സ്വർണത്തിലേക്ക്

ദേശീയ ഗെയിംസിൽ അഞ്ച് സ്വർണവും രണ്ട് വെള്ളിയും നാല് വെങ്കലവുമായി തിളങ്ങി കേരളം. ഇതോടെ 11 സ്വർണവും 14 വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 37 മെഡലുമായി ആറാംസ്ഥാനത്തേക്ക് കയറി. ട്രിപ്പിൾജമ്പിൽ എൻ വി ഷീന (13.49 മീറ്റർ) സ്വർണം നേടി. തൃശൂർ ചേലക്കരക്കാരിയുടെ മൂന്നാമത്തെ ദേശീയ ഗെയിംസ് സ്വർണമാണ്. നയന ജയിംസിനാണ് വെള്ളി (13.18 മീറ്റർ). പിന്റോ മാത്യുവാണ് ഇരുവരുടെയും പരിശീലകൻ.

വനിതകളുടെ പോൾവോൾട്ടിൽ മരിയ ജയ്‌സൺ (3.80 മീറ്റർ) തമിഴ്നാടിന്റെ പവിത്രയുമായി വെള്ളി പങ്കിട്ടു. തമിഴ്‌നാട്ടുകാരി ബറാണിക്ക ഇളങ്കോവനാണ്‌ (3.90) സ്വർണം. വനിതകളുടെ 4 x 400 റിലേയിൽ ലിനറ്റ് ജോർജ്, ഗൗരീനന്ദന, ടി ജെ ജംഷീല, ജിസ്‌ന മാത്യു എന്നിവരടങ്ങിയ ടീം വെങ്കലം നേടി. ആന്ധ്രപ്രദേശ് സ്വർണവും തമിഴ്നാട് വെള്ളിയും കരസ്ഥമാക്കി.

Advertisements

പുരുഷൻമാരുടെ 4 x 400 റിലേയിലും വെങ്കലം ലഭിച്ചു. പി അഭിരാം, എം എസ് അനന്തുമോൻ, ടി എസ് മനു, റിൻസ് ജോസഫ് എന്നിവരാണ് ട്രാക്കിലിറങ്ങിയത്. സർവീസസിനാണ് സ്വർണം. നീന്തലിൽ പുരുഷന്മാരുടെ 200 മീറ്റർ ബട്ടർഫ്ലൈയിൽ സജൻ പ്രകാശ് ദേശീയ ഗെയിംസ് റെക്കോഡോടെ സ്വർണം നേടി (ഒരു മിനിറ്റ്‌ 59:38 സെക്കൻഡ്‌). രണ്ട്‌ സ്വർണമടക്കം സജന് അഞ്ച് മെഡലായി. വനിതകളുടെ 50 മീറ്റർ ബ്രെസ്‌റ്റ്‌സ്‌ട്രോക്കിൽ ഹർഷിത ജയറാമിന്‌ വെങ്കലമുണ്ട്‌.

Advertisements

പുരുഷന്മാരുടെ ബീച്ച് സോക്കറിൽ കേരളം സ്വർണം സ്വന്തമാക്കി. ഫൈനലിൽ ആതിഥേയരായ ഗോവയെ തോൽപ്പിച്ചു (7––5). കെ പി ബാസിത്, വൈ രോഹിത്, ടി കെ ബി മുഷീർ, ലെനിൻ മിത്രൻ, ഹരിസന്ത്, കെ കെ ഉമറൂൽ മുഖ്താർ, മുഹമ്മദ് യുനൈസ്, എ പി അലി അക്ബർ എന്നിവർ അടങ്ങിയതാണ് ടീം.

 

തുഴയെറിഞ്ഞ് കേരളം നേടിയത് രണ്ട് സ്വർണം ഒരു വെങ്കലവും. വനിതാ റോവിങ് ആർ 4ൽ വി ജെ അരുന്ധതി, വി എസ് മീനാക്ഷി, റോസ്‌മരിയ ജോഷി, പി ബി അശ്വതി എന്നിവരടങ്ങിയ ടീം സ്വർണം കരസ്ഥമാക്കി. വനിതാ പെയർ ഇനത്തിൽ ബി വിജിനാമോൾ, – അലീന ആന്റോ സഖ്യവും സ്വർണം സ്വന്തമാക്കി.  ഡബിൾസ് സ്‌കൾ ഇനത്തിൽ ഡി ദേവപ്രിയ, വി പി അശ്വിനി കുമാരൻ കൂട്ടുകെട്ടിന്‌ വെങ്കലമാണ്‌.
അത്–ലറ്റിക്–സ് നാളെ അവസാനിക്കും. ഗെയിംസിന്റെ സമാപനം ഒമ്പതിനാണ്. 56 സ്വർണമടക്കം 142 മെഡലുമായി മഹാരാഷ്ട്രയാണ് ഒന്നാമത്. നിലവിലെ ജേതാക്കളായ സർവീസസിന് 32 സ്വർണമടക്കം 56 മെഡലാണുള്ളത്.