പുളിയഞ്ചേരി നീന്തൽകുളം നവീകരണം പൂർത്തിയായി ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

കൊയിലാണ്ടി: നഗരസഭയിലെ മൂന്നാം വാര്‍ഡില്‍ മുന്‍. എം.എല്‍.എ. കെ. ദാസൻ്റെ തനത് ഫണ്ടിൽനിന്ന് 75 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച പുളിയഞ്ചേരി നിന്തല്‍കുളം പണി പൂര്‍ത്തിയായി. സ്വകാര്യ വ്യക്തി വിട്ടുകൊടുത്ത നഗരസഭയുടെ കൈവശമുള്ള ഒരു ഏക്കറോളം വരുന്ന ഭൂമിയിൽ ഏതാണ്ട് 45 സെൻ്റ് സ്ഥലത്താണ് പുളിയഞ്ചേരി കുളം സ്ഥിതിചെയ്യുന്നത്. ബാക്കി സ്ഥലങ്ങളിലായി ആയുർവ്വേദ ആശുപത്രി, മൃഗാശുപത്രി, അംഗൻവാടി എന്നിവ പ്രവർത്തിക്കുന്നുണ്ട്. പതിറ്റാണ്ടുകളായി ജനങ്ങൾ കുളിക്കാനുപയോഗിച്ച കുളം പിന്നീട് നഗരസഭ ഏറ്റെടുത്ത് നീന്തൽകുളമാക്കിമാറ്റി. കൊല്ലം ചിറയെ മാത്രം ആശ്രയിച്ചിരുന്ന നഗരസഭ പ്രദേശത്തെ നിരവധി കുട്ടികൾക്കാണ് പിന്നീട് പുളിയഞ്ചേരി കുളം പ്രയോജനമായത്. പ്രവർത്തി നടക്കുന്നതിനാൽ കഴിഞ്ഞ 3 വർഷത്തോളമായി കൊല്ലം ചിറയെയും പന്തലായനി തേവർകുളത്തെയും ആശ്രയിച്ചാണ് ഇപ്പോൾ നീന്തൽ പരിശീലനം നടക്കുന്നത്.

കാലപ്പഴക്കംകൊണ്ട് ശോചനീയാവസ്ഥയിലായ കുളം കഴിഞ്ഞ നഗരസഭ കൗൺസിലറും വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനനുമായ എൻ.കെ. ഭാസ്ക്കരൻ്റെ നിരന്തര ഇടപെടലിൻ്റെ ഭാഗമായാണ് കെ. ദാസൻ എം.എൽ.എ. തനത് ഫണ്ടിൽ നിന്ന് 75 ലക്ഷം രൂപ അനുവദിച്ചത്. റിവേഴ്സ് എസ്റ്റിമേറ്റ് കണക്ക് പ്രകാരം ഈ ഘട്ടത്തിൽ ഒരു കോടിയോളം രൂപ ചിലവഴിച്ചതായാണ് മനസിലാക്കുന്നത്. ഇപ്പോൾ 95 ശതമാനം നിർമ്മാണവും പൂർത്തീകരിച്ചിരിക്കുകയാണ്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്‌ട് സൊസൈറ്റിയാണ് നിര്‍മ്മാണം ഏറ്റെടുത്ത് നടത്തിയത്. ഉദ്ഘാടന തിയ്യതി ഉടൻ തീരുമാനിക്കുമെന്ന് നഗരസഭ കൗൺസിലറും ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ സി. പ്രജില കൊയിലാണ്ടി ഡയറിയോട് പറഞ്ഞു.


