കൊയിലാണ്ടി: വീണ്ടുമൊരു സ്വാതന്ത്ര്യദിനം വന്നെത്തുമ്ബോഴും ക്വിറ്റിന്ത്യാ പ്രക്ഷോഭത്തിന്റെ സ്മരണകളിരമ്ബുന്ന ചേമഞ്ചേരി സബ് രജിസ്ട്രാര്‍ ഓഫീസ് കെട്ടിടം സ്‌മാരകമായി ഉയര്‍ത്തുന്നത് അനന്തമായി നീളുന്നു.
തീവെപ്പിന് പിറകെ കെട്ടിടം ഇടിഞ്ഞു പൊളിഞ്ഞ അവസ്ഥയിലായിരുന്നു. കുറേക്കാലമായി കാടു മൂടിയ ഇവിടം ഇഴജന്തുക്കളുടെയും മറ്റും താവളമാണ്. സ്വകാര്യവ്യക്തിയുടെ കൈവശത്തിലായിരുന്ന സ്ഥലവും കെട്ടിടവും ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത് രജിസ്ട്രേഷന്‍ വകുപ്പിന് കൈമാറിയതായിരുന്നു.

പഞ്ചായത്ത് ഏറ്റെടുത്ത 16 സെന്റില്‍ 7 സെന്റ് സ്ഥലമാണ് രജിസ്ട്രേഷന്‍ വകുപ്പിന് കൈമാറിയത്. സ്മാരകമന്ദിരം നിര്‍മ്മിക്കേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. കഴിഞ്ഞ ബജറ്റില്‍ ഇതിനായി പണം നീക്കിവെച്ചതായിരുന്നു. തീവെപ്പിന് ശേഷം തൊട്ടടുത്തുള്ള സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിലായിരുന്നു സബ് രജിസ്ട്രാര്‍ ഓഫീസ് പിന്നീട് പ്രവര്‍ത്തിച്ചത്. തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് കെട്ടിടം ഏറ്റെടുക്കുകയായിരുന്നു.

തകര്‍ന്ന് 70 വര്‍ഷം പിന്നിടുമ്ബോഴും ചേമഞ്ചേരിയില്‍ ക്വിറ്റ് ഇന്ത്യാ സ്മാരകം പണിയുന്നതിലുള്ള അലംഭാവം നീങ്ങിയില്ല. 1992-ല്‍ എല്‍.ജെ.ഡി നേതാവ് കെ.ശങ്കരന്‍ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴാണ് ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കെട്ടിടത്തിനടുത്തായി സ്മാരകസ്തൂപം പണിതീര്‍ത്തത്.

ചരിത്രം
ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ഭാഗമായി 1942 ആഗസ്റ്റ് 19ന് ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസ്, തിരുവങ്ങുര്‍ അംശ കച്ചേരി, റെയില്‍വെ സ്റ്റേഷന്‍, തിരുവങ്ങൂര്‍ ട്രെയിന്‍ ഹാള്‍ട്ട് എന്നിവ സമരക്കാര്‍ തീവെച്ച് നശിപ്പിച്ചു. ഇതേ സമയത്ത് തന്നെയാണ് കീഴരിയൂര്‍ ബോംബ് കേസും. അതോടെ യുവജനങ്ങള്‍ സ്വാതന്ത്ര്യ സമരത്തിലേക്ക് കൂടുതലായി അടുത്തു. ദക്ഷിണേന്ത്യയില്‍ നടന്ന ഏറ്റവും ശക്തമായ സമരമാണ് ചേമഞ്ചേരി കേന്ദ്രീകരിച്ച് നടന്നതെന്ന് സാഹിത്യകാരന്‍ തിക്കോടിയന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കുറുമ്ബ്രനാട് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ബ്രിട്ടീഷ് വിരുദ്ധസമരം ആളിപ്പടരാന്‍ ഇത് നിമിത്തമായി.
ചേമഞ്ചേരി ക്വിറ്റ് ഇന്ത്യാ സ്മാരക മന്ദിര നിര്‍മ്മാണത്തിനുള്ള നടപടികള്‍ നീങ്ങുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിരുന്നു. സ്മാരക മന്ദിരം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ പഞ്ചായത്ത് ഭരണ സമിതി ത്വരിതപ്പെടുത്തും.
സതി കിഴക്കയില്‍,
പഞ്ചായത്ത് പ്രസിഡന്റ്
ക്വിറ്റ് ഇന്ത്യാ സ്മാരക കെട്ടിടം അടിയന്തരമായി പണിയണം. തീവെപ്പ് നടന്ന ആഗസ്റ്റ് 19 ന് വിപുലമായ പരിപാടികള്‍ നടത്തുന്നുണ്ട്.
കെ. ശങ്കരന്‍,
എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റ്
