ചിത്രകാരൻ സായി പ്രസാദിന് പിക്കാസോ അവാർഡ്
കൊയിലാണ്ടി: പിക്കാസോ അവാർഡ് ചിത്രകാരൻ സായി പ്രസാദിന് ലഭിച്ചു. വെസ്റ്റ് ബംഗാൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന “ബൈരേന്ദ്ര മെമ്മോറിയൽ ആർട്ട് ആൻഡ് കൾച്ചർ ” എന്ന സംഘടനയുടെ ഈ വർഷത്തെ പിക്കാസ്സോ ഇൻ്റർനാഷനൽ അവാർഡാണ് കേരളത്തിൽ നിന്നുള്ള സായി പ്രസാദ് ചിത്രകൂടം (കൊയിലാണ്ടി) അർഹനായത്. വിവിധ രാജ്യങ്ങളിൽ നിന്നായി നാന്നൂറോളം കലാകാരന്മാർ പ്രദർശനത്തിൽ പങ്കെടുക്കുകയുണ്ടായി.

കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ കലാരത്നം ഫൗണ്ടേഷൻ ഓഫ് ആർട്ട് സൊസൈറ്റി അഖിലേന്ത്യാ തലത്തിൽ നടത്തിയ ടോപ്ൺ ടെൻലൈൻ ആർട്ട് എക്സിബിഷനിൽ കേരളത്തിൽ നിന്ന് സായി പ്രസാദ് ചിത്രകൂടം ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. പ്രശസ്ത ചിത്രകാരനും ശില്പിയുമായ എം. വി ദേവന്‍, ജി. രാജേന്ദ്രൻ എന്നിവരിൽ നിന്ന് പരിശീലനം നേടി. മലയാള കലാഗ്രാമം, ന്യു മാഹിയില്‍ നിന്ന് ഗ്രാഫിക്സ് ആന്‍ഡ് പ്ലാസ്റ്റിക്ക് ആര്‍ട്ടില്‍ അഞ്ചു വർഷ ഡിപ്ലോമ കരസ്ഥമാക്കി. 2009 ല്‍ ചിത്രകലയില്‍ ബി. എഫ്. എ ബിരുദം സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 12 വർഷമായി അദ്ദേഹം തന്റെ ജന്മനാടായ കൊയിലാണ്ടിയില്‍ ചിത്രകൂടം എന്ന പേരിലൊരു ചിത്രകലാ കൂട്ടായ്മ ആരംഭിച്ച് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും പരിശീലനം നൽകിവരികയാണ്. അതിനിടയിലാണ് പുതയ അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് അദ്ധേഹത്തിന് തിങ്കളാഴ്ച രാത്രി സന്ദേശ ലഭിക്കുന്നത്.


