നടേരി സുരക്ഷാ പെയിൻ & പാലിയേറ്റിവ് കെയർ ഒരു നാടിനെ ചേർത്ത് പിടിച്ച് വേറിട്ട മാതൃകയാകുന്നു
കൊയിലാണ്ടി: രോഗപ്രതിരോധ പ്രവർത്തനത്തിൻ്റെ സമാനതകളില്ലാത്ത മാതൃകയായി നടേരി സുരക്ഷാ പെയിൻ & പാലിയേറ്റിവ് കെയർ. സുരക്ഷയുടെ നേതൃത്വത്തിൽ കോവിഡ് ഹെൽപ് ഡെസ്ക് 30 ദിവസം പിന്നിട്ടിരിക്കുകയാണ്. മഹാമാരിയുടെ രണ്ടാം വരവിൻ്റെ ആകുലതകളിൽ വിറങ്ങലിച്ച് നിൽക്കുന്ന നാടിനെ ചേർത്തുപിടിച്ച് നടത്തിയ പ്രവർത്തനത്തിന് നാടിൻ്റെയാകെ മികച്ച പിന്തുണയാണ് ലഭിച്ചത്. മെയ് 15ന് പ്രവർത്തനം ആരംഭിച്ചതു മുതൽ രോഗവ്യാപനത്തെ തടയുന്നതിന്നും, രോഗ അതിജീവന പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നതിനും രോഗസംബന്ധമായ ഏതു പ്രതിസന്ധിയെയും നേരിടുന്നതിനും, ഹെൽപ് ഡെസ്കിന്റെ വളണ്ടിയർമാർ സദാ സമയവും കർമ്മനിരതരായിരുന്നു.

നാടിന് തണലായി യുവതയുടെ ഒരു നിര തന്നെ പ്രവർത്തന സജ്ജരായി. രോഗബാധിതരെ ചികിൽസാ കേന്ദ്രത്തിലെത്തിക്കുന്നതിനും, രോഗവിമുക്തരായവരെ തിരികെ വീട്ടിലെത്തിക്കുന്നതിനും, കൂടാതെ അന്യ സംസ്ഥാനത്തു നിന്ന് വരുന്നവർക്കും, കോവിഡ് ടെസ്റ്റിന് പോകേണ്ടവർക്കും, ആശ്വാസമായി 2 വാഹനങ്ങളും, ഏതു സമയത്തും ഓടിയെത്താൻ തയാറായ ഡ്രൈവർമാരുടെ ടീമും ശ്രദ്ധേയമായ പ്രവർത്തനമാണ് ഈ കാലയളവിൽ നിർവഹിച്ചിട്ടുള്ളത്. നിരവധി വീടുകളും കെട്ടിടങ്ങളും യഥാസമയം അണുവിമുക്തമാക്കുന്ന പ്രവർത്തനത്തിലും വളണ്ടിയർമാർ ജാഗരൂകരാണ്. രോഗഭീതിയകറ്റി മാനസികമായ ഉൾക്കരുത്ത് പകർന്നു നൽകുന്നതിനായി മെഡിക്കൽ കൗൺസലിംഗ് ലഭ്യമാക്കുന്നതിനായി 6-ഓളം ഡോക്ടർമാരുടെ സേവനവും ഹെൽപ് ഡെസ്കിന്റെ ഭാഗമായുണ്ട്.

മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും, കോവിഡ് പ്രതിസന്ധിമൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് മരുന്നും അവശ്യ സാധനങ്ങളുമെത്തിക്കുന്നതിനും എന്നും മുന്നിലുള്ള യുവാക്കൾ മാനവികതയുടെ മാതൃകകളാകുകയാണ്. കൂടാതെ, ആവശ്യക്കാർക്ക് വാക്സിൻ രജിസ്ട്രേഷൻ ഓൺലൈൻ ആയി ചെയ്തു കൊടുക്കുന്നതിനുള്ള പ്രത്യേക സംവിധാനവും പ്രവർത്തിക്കുന്നു. ഒരു മുഴുവൻ സമയ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാംവിധം സ്പ്രെയറുകളും, ഓക്സി മീറ്ററുകളും, വാഹനങ്ങളും, ഫോഗിംഗ് മെഷിനുകളും, മരുന്നുകളും, PPE കിറ്റുകളുമടക്കം സർവ്വവിധ സജ്ജീകരണങ്ങളുമായി മഹാമാരിയക്കെതിരെ ഒരു നാടിനെ ചേർത്തുപിടിച്ച് മുന്നോട്ടു പോകുന്നതിന് ഈ കേന്ദ്രത്തിന് സാധിച്ചിട്ടുണ്ട്.


പണവും മരുന്നും ഉപകരണങ്ങളും മറ്റും നിർലോഭമായി സംഭാവന നൽകിയ നല്ലവരായ നാട്ടുകാരുടെ നിസ്സീമമായ സഹായത്തിന്റെ പിൻബലത്തിലാണെന്നത് ശ്രദ്ധേയമാണ്. കൂടാതെ ഹെൽപ് ഡെസ്കിന്റെ പ്രവർത്തനത്തിന് സൗകര്യപ്രദമായ ഓഫീസും, വീട്ടിൽ ക്വാറൻ്റൈനിൽ ഇരിക്കാൻ സൗകര്യമില്ലാത്തവരുടെ താമസത്തിനായി *ഒരു വീടും* , ഹെൽപ് ഡെസ്കിന്റെ ഉപയോഗത്തിനായി *ഒരു ജീപ്പും ഒരു കാറും* വിട്ടു തന്ന സുഹൃത്തുക്കളുടെ നല്ല മനസ്സിനെയും പ്രത്യേകം പരാമർശിക്കുന്നു. തുടർന്നും സുമനസ്സുകളുടെ സഹകരണവും സഹായവും ഉണ്ടാവണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുകയും ചെയ്യുന്നു. സുരക്ഷ യുടെ വിലമതിക്കാനാവാത്ത കരുത്ത്, ഈ ചരിത്ര ദൗത്യത്തിന് സ്വയം സജ്ജരായ, ഇതിന്റെ ഭാഗമായിട്ടുള്ള വളണ്ടിയർമാരാണെന്ന് ചെയർമാൻ അർ.കെ. അനിൽകുമാർ പറഞ്ഞു.


കോവിഡ് പ്രതിരോധത്തിന്റെ ആദ്യ മാസത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി വാഹന സൗകര്യം 80 പേർക്ക്, മെഡിക്കൽ കൗൺസലിംഗ് 41 പേർക്ക്, വീട് അണുനശീകരണം 38 വീടുകൾക്ക്, ഓക്സി മീറ്റർ സൗകര്യം 21 പേർക്ക്, പൊതുസ്ഥലങ്ങൾ അണുനശീകരണം, കാവുംവട്ടം, കണ്ടമ്പത്തു താഴെ, മുത്താമ്പി, വൈദ്യരങ്ങാടി, മരുതൂർ, ആഴാവിൽ താഴെ റേഷൻ കട, എളയടത്തു മുക്ക്, തുയ്യത്തു മീത്തൽ കോളനി, നടേരി അർബൻ ഹെൽത്ത് സെന്റർ എന്നിവിടങ്ങളിലും, വാക്സിൻ രജിസ്ട്രേഷൻ 282 പേർക്കും ലഭ്യാമാക്കാൻ സാധിച്ചതായും അനിൽകുമാർ വ്യക്തമാക്കി.

