കൊച്ചി വിമാനത്താവളത്തിൽ 1.92 കോടിയുടെ സ്വര്‍ണം പിടിച്ചു
നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം മൂന്ന് യാത്രക്കാരില്‍നിന്നായി 1.92 കോടിയുടെ സ്വര്‍ണം പിടിച്ചു. 3586.500 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. സമീപകാലയളവില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പിടികൂടിയ ഏറ്റവും കൂടിയ അളവിലുള്ള സ്വര്‍ണമാണിത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്.

ദോഹയില്‍നിന്ന് ഇൻഡിഗോ വിമാനത്തിൽ വന്ന എറണാകുളം സ്വദേശി സാലുവിൽനിന്ന് 84 ലക്ഷം രൂപയുടെ 1515.54 ഗ്രാം സ്വർണം കണ്ടെടുത്തു. ബിസ്കറ്റിന്റെ രൂപത്തിലുള്ള സ്വര്‍ണം റീചാർജ് ചെയ്യാവുന്ന എമർജൻസി ലൈറ്റിന്റെ ബാറ്ററി ഇടുന്ന അറയിലാണ് ഒളിപ്പിച്ചിരുന്നത്. 13 സ്വർണബിസ്‌കറ്റുകളാണുണ്ടായിരുന്നത്.

ബാങ്കോക്കിൽനിന്ന് ഫ്ലൈ ദുബായ് വിമാനത്തിൽ വന്ന കോഴിക്കോട് സ്വദേശി അബ്ദുൾ നവാസിൽനിന്ന് 60 ലക്ഷം രൂപയുടെ 1209 ഗ്രാം സ്വർണം പിടിച്ചു. 603 ഗ്രാം സ്വർണക്കുഴമ്പ് പ്ലാസ്റ്റിക് കവറുകളിലിട്ട് ഒളിപ്പിച്ചാണ് കൊണ്ടുവന്നത്. 606 ഗ്രാം സ്വർണം ധരിച്ചിരുന്ന ജീൻസിന്റെ അരക്കെട്ടുഭാഗത്ത് പ്രത്യേകം അറയിലാണ് ഒളിപ്പിച്ചിരുന്നത്.

ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ വന്ന കോതമംഗലം സ്വദേശി ശാമുവേലിൽനിന്ന് 48 ലക്ഷം രൂപയുടെ 861.96 ഗ്രാം സ്വർണം പിടിച്ചെടുത്തു. സ്വര്‍ണമിശ്രിതം മൂന്ന് ക്യാപ്സൂളുകളാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. രുദ്രാക്ഷ മാലയിലൂടെയും സ്വര്‍ണം കടത്താന്‍ ശ്രമിച്ചു. മൂന്ന് യാത്രക്കാരെയും കസ്റ്റഡിയിലെടുത്ത് കസ്റ്റംസ് ആക്ട് 1962 അനുസരിച്ച് കേസെടുത്ത് തുടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

