ഹോം നഴ്സിനെ കഴുത്ത് ഞെരിച്ചു കൊന്നു
തൃശൂര്‍: പെരുമ്പിലാവില്‍ ഹോം നഴ്സിനെ സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ കഴുത്ത് ഞെരിച്ച് കൊന്ന് വാഴത്തോട്ടത്തില്‍ ഉപേക്ഷിച്ചു. കൊല്ലം കൊട്ടാരക്കര ഓയൂര്‍ തനയാറത്ത് സതീഷ് മന്ദിരത്തില്‍ വര്‍ഷ (മഞ്ജു-28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പഴഞ്ഞി കൊട്ടോല്‍ കൊട്ടിലണ്ടല്‍ ഹുസൈന്‍ (32) പൊലീസില്‍ കീഴടങ്ങി.
തിങ്കളാഴ്ച പുലര്‍ച്ചെ നാലിനാണ് സംഭവം. പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിയിലെ സൈക്യാട്രി വിഭാഗത്തിലെ രോഗിയുടെ സഹായിയായിരുന്നു വര്‍ഷ. ഒരുവര്‍ഷമായി രോഗിക്കൊപ്പം വര്‍ഷ ഇവിടെയുണ്ട്. ഈ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഹുസൈന്‍. വര്‍ഷയുടെ മൃതദേഹം പെരുമ്പിലാവ് സെന്ററില്‍ പുതുതായി നിര്‍മിക്കുന്ന ഷോപ്പിങ് മാളിന് സമീപത്തെ വാഴത്തോട്ടത്തില്‍ നിന്നാണ് കണ്ടെത്തിയത്. ഭര്‍ത്താവ് മരിച്ച ശേഷം കുറച്ചുകാലമായി ഹോം നഴ്സായി ജോലി ചെയ്തു വരികയായിരുന്നു വര്‍ഷ. ഹുസൈന്റെ ഭാര്യയും മകനും ഭാര്യവീട്ടില്‍ പോയ സമയത്താണ് കൊലപാതകം നടന്നത്. പ്രണയത്തിലായിരുന്നു ഇരുവരും. ഒന്നിച്ച് നില്‍ക്കുന്ന ഫോട്ടോകള്‍ കാട്ടി യുവതി ഭീഷണിപ്പെടുത്തിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.




