KOYILANDY DIARY.COM

The Perfect News Portal

ഹൈസ്കൂള്‍ ക്ളാസുകളിലെ പാഠപുസ്തക വിതരണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം:  സംസ്ഥാനത്തെ 12112 സ്കൂളിലും ഒന്നു മുതല്‍ 12 വരെ ക്ളാസുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ സ്കൂള്‍ തുറക്കുന്നതിന് രണ്ടാഴ്ച മുന്‍പേ എത്തിച്ചു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണിത്. ഹൈസ്കൂള്‍ ക്ളാസുകളിലെ പാഠപുസ്തക വിതരണം തിങ്കളാഴ്ച ആരംഭിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 22 മുതല്‍ പ്രൈമറി ക്ളാസുകളിലും വിതരണം ആരംഭിക്കണം. സ്കൂള്‍ തുറക്കും മുമ്പ്‌ യൂണിഫോമും വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.

പാഠപുസ്തക അച്ചടി മുതല്‍ സ്കൂളുകളില്‍ അവ എത്തിക്കുന്നതുവരെയുള്ള ഓരോ ഘട്ടങ്ങളിലും വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പുലര്‍ത്തിയ ജാഗ്രതയും വിദ്യാഭ്യാസ വകുപ്പും പൊതുവിദ്യാഭ്യാസ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റും അച്ചടി ചുമതല വഹിച്ച കെബിപിഎസും സി- ആപ്റ്റും കാര്യക്ഷമമായി പ്രവര്‍ത്തിച്ചതുമാണ് ചരിത്ര നേട്ടത്തിലെത്തിച്ചത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ സംസ്ഥാനത്തെ 40 ലക്ഷം വിദ്യാര്‍ഥികള്‍ക്കു നല്‍കിയ വാഗ്ദാനമാണ് ജനകീയ സര്‍ക്കാരിന്റെ ഒന്നാം പിറന്നാള്‍ദിനത്തിനു 10 നാള്‍ മുമ്പേ യാഥാര്‍ഥ്യമാക്കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞിട്ടും മുഴുവന്‍ പാഠപുസ്തകങ്ങളും സ്കൂളുകളിലെത്തിച്ചിരുന്നില്ല. 2016 മെയ് 25ന് എല്‍ഡിഎഫ് അധികാരമേല്‍ക്കുമ്പോള്‍ സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രമേ ശേഷിച്ചിരുന്നുള്ളൂ. പുതിയ അധ്യായന വര്‍ഷത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ ഒന്നും യുഡിഎഫ് സര്‍ക്കാര്‍ നടത്തിയിരുന്നില്ല. തീവ്രയഞ്ജം നടത്തിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പുസ്തകങ്ങള്‍ സ്കൂളുകളിലെത്തിച്ചത്.

Advertisements

കുട്ടികള്‍ക്ക് അധികഭാരം ഒഴിവാക്കാനായി ഒന്നു മുതല്‍ 10 വരെ ക്ളാസുകളിലെ പാഠപുസ്തകങ്ങള്‍ മൂന്ന് വാല്യങ്ങളായാണ് ഇത്തവണ അച്ചടിക്കുന്നത്. ഒന്നാം വാല്യം 2,86,69,591 പുസ്തകങ്ങളാണ് വേണ്ടിയിരുന്നത്. ഇവയുടെ അച്ചടിയും വിതരണവുമാണ് പൂര്‍ത്തിയായത്. രണ്ടാം വാല്യത്തില്‍ 2,47,20, 262 പുസ്തകങ്ങളും മൂന്നാം വാല്യത്തില്‍ 75,01,475 പുസ്തകങ്ങളുമാണ് വേണ്ടത്. അച്ചടി ചുമതല കെബിപിഎസിനായിരുന്നു. ഇവര്‍ക്കുതന്നെയായിരുന്നു പുസ്തകങ്ങള്‍ സ്കൂളുകളിലെത്തിക്കാനുള്ള ചുമതലയും. പ്ളസ് ടുവില്‍ 6,26,940 പുസ്തകങ്ങളും പ്ളസ് വണ്ണില്‍ 6,29,301 പുസ്തകങ്ങളുമാണ് വേണ്ടത്. സി- ആപ്റ്റിനാണ് അച്ചടി ചുമതല നല്‍കിയത്. 1526 ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലേക്കുമുള്ള പുസ്തകങ്ങള്‍ അച്ചടിച്ച്‌ വിതരണം ചെയ്തു.

മുഴുവന്‍ കുട്ടികള്‍ക്കും പാഠപുസ്തകം ഉറപ്പാക്കാനുള്ള സര്‍ക്കാര്‍ ഉദ്യമത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും വിദ്യാഭ്യാസ മന്ത്രി നന്ദി അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *