ഹൃദ്രോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം ഡോ. ജോണ്‍സണ്‍ ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ഹൃദയമിടിപ്പിലെ താളപ്പിഴകളും അസ്വഭാവികതകളും അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടെ ഏഴാമത് സംസ്ഥാന സമ്മേളനം കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ നടന്നു. ഇലക്‌ട്രോ ഫിസിയോളജി എന്നറിയപ്പെടുന്ന ഹൃദ്രോഗ ശാസ്ത്രശാഖയെ പ്രതിനിധീകരിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഹാര്‍ട്ട് റിഥം സൊസൈറ്റിയാണ് സമ്മേളനത്തിന്റെ സംഘാടകര്‍.
കെ.എച്ച്.ആര്‍.എസ് പ്രസിഡന്റ് ഡോ. ജോണ്‍സണ്‍ ഫ്രാന്‍സിസ് ഉദ്ഘാടനം നിര്‍വഹിച്ചു.
കേരള ഹാര്‍ട്ട് റിഥം സൊസൈറ്റി വൈസ് പ്രസിഡന്റ് ഡോ. കെ.യു. നടരാജന്‍, സെക്രട്ടറി ഡോ.കെ.കെ. നാരായണന്‍ നമ്പൂതിരി, ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ. സജീവ് സി.ജി, ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. അരുണ്‍ ഗോപി എന്നിവര്‍ സംസാരിച്ചു. രാജ്യത്തെ പ്രശസ്ത ഇലക്‌ട്രോഫിസിയോളജിസ്റ്റായ ഡോ.കലമ്പൂര്‍ നരസിംഹന്‍ വിശിഷ്ടാതിഥിയായിരുന്നു.

പുതിയ മരുന്നുകള്‍ക്കുപുറമെ പേസ് മേക്കര്‍, ഡീഫിബ്രിലേറ്റര്‍ എന്നീ സാങ്കേതിക വിദ്യകളിലുണ്ടായിട്ടുള്ള നൂതന കാല്‍വെപ്പുകള്‍ ഡോ. അരുണ്‍ ഗോപി വിശദീകരിച്ചു.
അടിസ്ഥാന ഇലക്‌ട്രോ ഫിസിയോളജിയും, ഉപകരണങ്ങളും, പേസ് മേക്കര്‍ ഘടിപ്പിക്കല്‍, ധരിക്കാവുന്ന ഡീഫിബ്രിലേറ്ററുകള്‍, ത്രീഡി മാപ്പിങ്ങ്, ക്രമരഹിതമായ ഹൃദയമിടിപ്പ് കണ്ടെത്തുവാനുള്ള മാര്‍ഗ്ഗങ്ങള്‍, ചികിത്സ, പ്രതിരോധം, ബോധവത്കരണ പരിപാടികള്‍ എന്നിവയും സമ്മേളനം ചര്‍ച്ചചെയ്തു. വിവിധ ജില്ലകളില്‍നിന്നായി മുന്നൂറോളം കാര്‍ഡിയോളജി വിദഗ്ധര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

