ഹമീദിന് വേണം സുമനസ്സുകളുടെ കൈത്താങ്ങ്

കുറ്റിയാടി: ഒറ്റമുറി വീട്ടില്‍ ഏകനായി കഴിയുകയാണ് മരുതോങ്കര കള്ളാട്ടെ പുളിയുള്ളതില്‍ ഹമീദ്. കാഴ്ചയില്‍ ആരോഗ്യവാനാണെങ്കിലും കടുത്ത മാനസിക വെല്ലുവിളി നേരിടുകയാണിയാള്‍. രാവിലെ വീട്ടില്‍നിന്നിറങ്ങുന്ന ഹമീദ് ടൗണുകളില്‍ അലയും. വാ തോരാതെ സംസാരിക്കും. കിട്ടുന്ന നാണയത്തുട്ടുകള്‍കൊണ്ട് വല്ലതും വാങ്ങിക്കഴിക്കും.
ഷീറ്റിട്ട വീടിനകവും പരിസരവും ഭക്ഷണാവശിഷ്ടങ്ങളും മറ്റും നിറഞ്ഞ് വൃത്തികേടായിക്കിടക്കുകയാണ്. കടുത്ത ദുര്‍ഗന്ധമാണ് അകത്തുംപുറത്തും. മനോനില തകരാറിലായതിനാല്‍ പരിസരവാസികളാരും ഇയാളുടെ വീടിനടുത്തേക്ക് പോകാറില്ല. സാംക്രമികരോഗങ്ങള്‍ മുന്നില്‍കണ്ട് സ്ഥലത്തെ യുവധാരാ പ്രവര്‍ത്തകര്‍ ഈയിടെ വീടുംപരിസരവും ഏറെ പ്രയാസപ്പെട്ട് ശുചിയാക്കിയിരുന്നു.

ഉമ്മ മരിച്ചതോടെയാണ് ഹമീദ് ഏകനായത്. മദ്രസയില്‍ കുട്ടികളെ ഓത്തു പഠിപ്പിക്കുന്ന ജോലി ചെയ്തിരുന്നു. തക്കതായ ചികിത്സ ലഭിച്ചാല്‍ ഹമീദ് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഇതിനായി സുമനസ്സുകളുടെ ഒരു കൈത്താങ്ങ് കാത്തിരിക്കുകയാണ് ഇവര്‍.

