ഹജ്ജിന് പോയ കടലുണ്ടി സ്വദേശി മക്കയില്‍ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു

മക്ക> ഹജ്ജ് നിര്‍വ്വഹിക്കാന്‍ എത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശിയായ റിട്ട. അധ്യാപകന് മക്കയില്‍ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. .കടലുണ്ടി ബീച്ച് റോഡ് പരേതനായ തയ്യില്‍ അലവി മാസ്റ്ററുടെ മകനും കോഴിക്കോട് ജെ ഡി റ്റി ഇസ്ലാം സ്കൂള്‍ റിട്ട. അറബിക് അധ്യാപകനുമായിരുന്ന ടി ബഷീറാ (58) ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മാണ് സംഭവം. ഭാര്യയുമൊപ്പമാണ് ബഷീര്‍ ഹജ്ജിനെത്തിയിരുന്നത്.
മക്കയിലെ ഹറമിന് സമീപം അസീസിയയില്‍ ബഷീറും ഭാര്യയും മറ്റു ബന്ധുക്കളുമുള്പ്പെടുന്ന സംഘം താമസിച്ചിരുന്ന ഹോട്ടലിലെ ലിഫ്റ്റിന്റെ ഇടയിലേക്ക് വീണാണ് അപകടമുണ്ടായത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ സംഘം കഴിഞ്ഞ ഒന്‍പതിനാണ് നെടുമ്ബാശ്ശേരിയില്‍ നിന്നും മക്കയിലെത്തിയത്. ഭാര്യ വി കെ സാജിത, ഇവരുടെ അമ്മാവന് ബേപ്പൂര്‍ അരക്കിണര്‍ സ്വദേശി നിസാര്‍ ,ഭാര്യ ജെസീന എന്നിവരെല്ലാം ഒന്നിച്ചായിരുന്നു ഹോട്ടലില്‍ താമസം. ഉംറ നിര്‍വ്വഹിച്ചാണ് ഇവിടെ എത്തിയിരുന്നത്.

ഞായറാഴ്ച ഉച്ചഭക്ഷണത്തിനായി ഹോട്ടലിന്റെ താഴത്തെ നിലയിലേക്ക് ഇറങ്ങുന്നതിനായി ലിഫ്റ്റില്‍ കയറാന്‍ വാതില്‍ തുറന്നപ്പോള്‍ ,യന്ത്രതകരാറിലായിരുന്ന ലിഫ്റ്റിന്റെ തുറന്ന ഭാഗത്തിലൂടെ താഴേക്ക് വിഴുകയായിരുന്നു.ബന്ധുക്കളാരും ഇക്കാര്യം അറിഞ്ഞില്ല.

ഉച്ചഭക്ഷണത്തിനിറങ്ങിയ ബഷീറിനെ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും കാണാതായപ്പോള്‍ നടത്തിയ തെരച്ചിലിനൊടുവില്‍ രാത്രി ഒന്‍പതരയോടെ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ലിഫ്റ്റിനകത്ത് അപകടത്തില്‍ അകപ്പെട്ടതായി അറിയുന്നത്. അപകട മരണം സ്ഥിരീകരിച്ചയുടന്‍ സൗദി അധികൃതരും കേരള ഹജ്ജ് കമ്മിറ്റിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരും എത്തി തുടര്‍ന്ന് നടപടികള്‍ സ്വീകരിച്ചു.

