KOYILANDY DIARY.COM

The Perfect News Portal

ഹംസഫര്‍ എക്സ്പ്രെസ് ഒക്ടോബര്‍ മുതല്‍ ഓടി തുടങ്ങും

റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഇക്കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച ഹംസഫര്‍ എക്സ്പ്രെസ് ഒക്ടോബര്‍ മുതല്‍ ഓടി തുടങ്ങും. സര്‍വീസ് നടത്തുനതിനായിട്ടുള്ള എല്ലാ ഒരുക്കങ്ങളും അന്തിമഘട്ടത്തില്‍ എത്തിച്ചേര്‍ന്നതായാണ് റെയില്‍വെ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

ഫെബ്രുവരിയില്‍ നടത്തിയ റെയില്‍വെ ബജറ്റില്‍ ഈ സാമ്ബത്തിക വര്‍ഷത്തേക്കുള്ള പുതിയ ട്രെയിനുകളെ കുറിച്ചുള്ള പ്രഖ്യാപനത്തിലാണ് മന്ത്രി ഹംസഫറിനെ അവതരിപ്പിക്കുന്നത്.

സ്പെഷ്യല്‍ ക്ലാസ് സര്‍വീസുമായി എസി ത്രീ ടൈര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഹംസഫര്‍. മറ്റ് ട്രെയിന്‍ നിരക്കുകളേക്കാള്‍ 20 ശതമാനം വര്‍ധനവാണ് ഹംസഫറിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Advertisements

 

പൂര്‍ണമായും ശീതീകരിച്ച ത്രീടൈര്‍ കോച്ചുകളില്‍ ഭക്ഷണത്തിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാനമായും നഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഹംസഫറിന്റെ സര്‍വീസ്.

 

വളരെ വേഗത്തില്‍ യാത്ര പൂര്‍ത്തിയാക്കുന്ന ഇന്റര്‍ സിറ്റി ട്രെയിനുകള്‍ ജനങ്ങള്‍ക്ക് വളരെ പ്രയോജനകരമാണെന്നുള്ള മന്ത്രിയുടെ സൂചനപ്രകാരമാണ് ഹംസഫര്‍ ട്രെയിന്‍ സര്‍വീസിന് ആരംഭിക്കുന്നത്.

 

സിസിടിവിയും ജിപിഎസ് സംവിധാനവുമൊരുക്കി ആളുകളുടെ വിവര ശേഖരണ സൗകര്യവും ഈ ട്രെയിനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

എല്ലാ സീറ്റുകളിലും മൊബൈല്‍-ലാപ്ടോപ് ചാര്‍ജ്ജിംഗ് പോയിന്റുകള്‍, പുത്തന്‍ നിറങ്ങളിലുള്ള ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ എന്നിവയാണ് ഈ ട്രെയിനിലെ മറ്റു സവിശേഷതകള്‍.

 

ട്രാക്കുകള്‍ മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടുകൂടി കോച്ചുകളില്‍ ബയോ ടോയിലറ്റാണ് നല്‍കിയിരിക്കുന്നത്.

 

ദുര്‍ഗന്ധനിവാരണ സംവിധാനം, ഫയര്‍ ആന്റ് സ്മോക്ക് ഡിറ്റെക്ഷന്‍ അലാം എന്നിവയാണ് ഹംസഫറിന്റെ മറ്റ് പ്രത്യേകതകള്‍.

 

ജനങ്ങളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടി നാല് വിഭാഗത്തില്‍പ്പെട്ട ട്രെയിനുകളാണ് ഇത്തവണത്തെ ബജറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്.

 

ത്രീ ടൈര്‍ ഹംസഫര്‍ ഉള്‍പ്പടെ റിസര്‍വ് ചെയ്യാതെ യാത്രചെയ്യാനാകുന്ന ജനറല്‍ കോച്ചുകള്‍ മാത്രമുള്ള അന്ത്യോദയ എക്സ്പ്രെസാണ് മറ്റൊരു ട്രെയിന്‍.

 

തിരക്കേറിയ ദീര്‍ഘദൂര റൂട്ടിലായിരിക്കും ഈ ട്രെയിന്‍ ഓടിക്കുക. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയുള്ള തേജസ് എക്സ്പ്രെസാണ് മറ്റൊന്ന്. തേജസില്‍ വൈഫൈ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

തിരക്കേറിയ റൂട്ടുകളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് ഡബിള്‍ ഡക്കര്‍ ഏസി ട്രെയിനായ ഉദയ്. നാല്പത് ശതമാനം അധികം യാത്രക്കാരെ ഉള്‍പ്പെടുത്താന്‍ ഈ ട്രെയിനിനാകൂം.

 

അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ നാലു വിഭാഗങ്ങളില്‍പ്പെട്ടിട്ടുള്ള ട്രെയിനുകളുടെ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വെ മന്ത്രാലയത്തിന്റെ അറിയിപ്പ്.

 

Share news

Leave a Reply

Your email address will not be published. Required fields are marked *