KOYILANDY DIARY.COM

The Perfect News Portal

സ‌്കൂള്‍ പൂട്ടി പ്രിന്‍സിപ്പല്‍ മുങ്ങി; പ്ലസ‌് വണ്‍ പ്രവേശനം മുടങ്ങി

മലപ്പുറം. സ്ഥലംമാറ്റം ലഭിച്ച ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ സ‌്കൂള്‍ പൂട്ടി മുങ്ങി. ഒതുക്കുങ്ങല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ‌്കൂളിലാണ‌് സംഭവം. പ്ലസ‌് വണ്‍ പ്രവേശന നടപടികള്‍ തടസ്സപ്പെട്ടതോടെ രക്ഷിതാക്കളും വിദ്യാര്‍ഥികളും പെരുവഴിയിലായി. ഏകജാലക സംവിധാനമായതിനാല്‍ ഒരു സ‌്കൂളില്‍ പ്രവേശനം മുടങ്ങിയത‌് ജില്ലയിലെമ്പാടും പ്രവേശന നടപടി മന്ദഗതിയിലാക്കി. സ്ഥലത്തെത്തിയ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടറെ വിവരമറിയിച്ചാണ‌് സ‌്കൂള്‍ തുറപ്പിച്ച‌് പ്രവേശന നടപടികള്‍ ആരംഭിച്ചത‌്.

പ്രിന്‍സിപ്പലിന‌് കഴിഞ്ഞ ജനറല്‍ ട്രാന്‍സ‌്ഫറില്‍ വയനാട്ടിലേക്ക‌് മാറ്റം കിട്ടിയത്രെ. ഇതിനെ തുടര്‍ന്നാണ‌് സ‌്കൂള്‍ തുറക്കാതിരുന്നതെന്ന‌് രക്ഷിതാക്കള്‍ പറയുന്നു. പ്ലസ‌് വണ്‍ പ്രവേശനം നേടാന്‍ വെള്ളിയാഴ‌്ച രാവിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സ‌്കൂളില്‍ എത്തിയപ്പോഴാണ് ഓഫീസ‌് അടച്ചിട്ടത്‌ കണ്ടത‌്. താല്‍ക്കാലിക പ്രവേശനം നേടിയ കുട്ടികളാണ‌് ഏറെ പ്രതിസന്ധിയിലായത‌്. ഇവര്‍ക്ക‌് അത് റദ്ദാക്കി രേഖകള്‍ വാങ്ങി മറ്റ് സ‌്കൂളുകളില്‍ താല്‍പ്പര്യമുള്ള കോഴ‌്സുകളില്‍ പ്രവേശനം നേടണമായിരുന്നു. ഏറെ നേരം കാത്തിരുന്നിട്ടും തുറക്കാന്‍ ആരും എത്തിയില്ല.

സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ പൊതുപ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു. പൊതുപ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന‌് ഹയര്‍ സെക്കന്‍ഡറി റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സാബു വലേറിയന്‍ സ്ഥലത്തെത്തി. സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട അദ്ദേഹം മറ്റ‌് അധ്യാപകരെ വിളിച്ചുവരുത്തി സ‌്കൂള്‍ തുറന്ന‌് പ്രവേശനം ആരംഭിക്കാന്‍ നടപടിയെടുത്തു.

Advertisements

ഉച്ചകഴിഞ്ഞ‌് പ്രവേശന നടപടികള്‍ ആരംഭിച്ചതോടെയാണ‌് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസമായത‌്. സ‌്കൂള്‍ തുറക്കാത്ത നടപടി ഗുരുതരമായ കൃത്യവിലോപമാണെന്ന‌് ആര്‍ഡിഡി പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ക്ക‌് റിപ്പോര്‍ട്ട‌് നല്‍കിയിട്ടുണ്ട‌്. സ‌്കൂള്‍ തുറക്കാത്തത‌് മനഃപൂര്‍വമല്ലെന്ന പ്രിന്‍സിപ്പലിന്റെ വിശദീകരണം മുഖവിലയ്ക്കെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സിപിഐ എം ഒതുക്കുങ്ങല്‍ ലോക്കല്‍ സെക്രട്ടറി എന്‍ സെയ‌്തലവി, കെ രഞ‌്ജിത്ത‌്, ഡിവൈഎഫ‌്‌ഐ മേഖലാ സെക്രട്ടറിമാരായ ഇ ഷബീര്‍, അബൂബക്കര്‍ സിദ്ദീഖ‌് എന്നിവരുടെ നേതൃത്വത്തിലാണ‌് നാട്ടുകാര്‍ പ്രശ‌്നത്തില്‍ ഇടപെട്ടത‌്. പ്രിന്‍സിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട‌് പരാതിയും നല്‍കിയിട്ടുണ്ട‌്.

Share news

Leave a Reply

Your email address will not be published. Required fields are marked *