KOYILANDY DIARY.COM

The Perfect News Portal

സ്വന്തമായി കാട് നിർമ്മിച്ച് അവിടെ വീടുണ്ടാക്കി സുഖതാമസം

കണ്ണൂർ: കേരളം വേനലില്‍ വെന്തുരുകിയപ്പോള്‍ 40 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളിയപ്പോള്‍, വീട്ടില്‍ ഒരു ഫാന്‍പോലുമില്ലാതെയാണ് ഈ ദമ്ബതികള്‍ വേനല്‍ കഴിച്ചു കൂട്ടിയത്. ഫാന്‍ വാങ്ങാന്‍ കാശില്ലാത്തതുകൊണ്ടാണെന്ന് കരുതിയെങ്കില്‍ തെറ്റി. ഇവരുടെ വീട്ടില്‍ ഏത് കൊടും വേനലിലും ഫാനോ എ.സിയൊ ആവശ്യമില്ല. ഇവര്‍ സ്വന്തമായി കാടും ആ കാട്ടിലൊരു വീടും നിര്‍മിച്ചു. ഈ പ്രകൃതി ജീവനത്തിന്റെ ഫലമെന്താണെന്ന് വെച്ചാല്‍ 17 വര്‍ഷമായി ഇവര്‍ യാതൊരു മരുന്നും കഴിയ്ക്കുന്നില്ല. ഒരു പനിപോലും ഇവര്‍ക്കും വരുന്നുമില്ല.

വീടിനു ചുറ്റും എപ്പോഴും കിളികളുടെയും ചീവീടുകളുടെയും ശബ്ദം. സദാ ശലഭങ്ങള്‍ പാറിക്കളിക്കുന്ന മുറ്റം, പറമ്ബില്‍ വിളഞ്ഞുനില്‍ക്കുന്ന പച്ചക്കറികള്‍ ആരാണ് ഇങ്ങനെയൊരു വീട്ടില്‍ താമസം ആഗ്രഹിക്കാത്തത്. പറമ്ബിലും മുറ്റത്തും എന്തിന് മുറികളില്‍ പോലും കാറ്റ്.

ഹരിയും ആഷയുമാണ് ഈ വീട്ടിലെ നായകനും നായികയും, കണ്ണൂരില്‍ ജലവിഭവ വകുപ്പില്‍ ജോലിചെയ്യുകയാണ് ഹരി. ഓര്‍ഗാനിക്ക് ഫാമിങ്ങിന്റെ പ്രചാരകയാണ് ആഷ. ഇരുവരും അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകരുമാണ്.

Advertisements

പണ്ടേ സിംപ്ലിസിറ്റിയുടെ ആള്‍ക്കാരാണ് ആഷയും ഹരിയും. നമ്മളിവിടെ വിവാഹങ്ങള്‍ക്ക് എത്ര തരം ബിരിയാണിവേണമെന്ന് തലപുകഞ്ഞാലോചിക്കുമ്ബോള്‍ ഒരു ഗ്ലാസ് പായസവും കുറച്ച്‌ പഴങ്ങളും മാത്രമാണ് ഇവര്‍ തങ്ങളുടെ വിവാഹത്തിന് വന്ന അതിഥികള്‍ക്ക് നല്‍കിയത്.

ഒരു വീട് വയ്ക്കേണ്ട കാര്യം ആലോചിച്ചപ്പോള്‍ തന്നെ ഇരുവരും പതിവുപോലെ സിംപിളാകാന്‍ തീരുമാനിച്ചു. അങ്ങനെ സുഹൃത്തായ ആര്‍ക്കിടെക്റ്റിന്റെ സഹായത്തോടെ 960 സ്ക്വയര്‍ ഫീറ്റിലുള്ള ആ സ്വപ്ന ഭവനം പണിതുയര്‍ത്തി. മണ്ണുകൊണ്ടുള്ള വീടാണ് ഇതെന്നാണ് പ്രധാന പ്രത്യേകത. ആദിവാസികള്‍ നിര്‍മിക്കുന്ന മണ്‍വീടുകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ഇവര്‍ മണ്‍വീട് പണിതത്. കോണ്‍ക്രീറ്റും ഓടുമാണ് വീടിന്റെ മേല്‍ക്കൂര നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രദേശത്തുണ്ടാകുന്ന കനത്ത മഴയെ പ്രതിരോധിക്കാനാണ് മേല്‍ക്കൂര കോണ്‍ക്രീറ്റ് നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. നനവ് എന്നാണ് ഇവര്‍ വീടിനിട്ടിരിക്കുന്ന പേര്

സ്വന്തമായി ഫോറസ്റ്റ് മാത്രമല്ല ഫ്രിഡ്ജും ഈ ദമ്ബതികള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇതിനായി അടുക്കളയില്‍ പ്രത്യേകം ക്രമീകരിച്ച ഭാഗത്ത് ഇഷ്ടിക കല്ലുകള്‍ അടുക്കി വച്ച്‌ അതിനു മുകളില്‍ മണ്‍കലം വെച്ച്‌ ഇവ രണ്ടിനുമിടയില്‍ മണല്‍ നിറയ്ക്കുന്നു. ഈ മണ്‍കലത്തില്‍ ഭക്ഷണ സാധനങ്ങള്‍ ഇറക്കിവെച്ചാല്‍ പിന്നെ വേറെ ഫ്രിഡ്ജിന്റെ ആവശ്യമില്ല. ഇത്തരത്തില്‍ ഭക്ഷണസാധനങ്ങള്‍ ഒരാഴ്ച്ചവരെ കേടുകൂടാതെ സൂക്ഷിയ്ക്കാമത്രെ.

വളരെ കുറച്ച്‌ സ്വിച്ച്‌ ബോര്‍ഡുകള്‍ മാത്രമെ ഇവര്‍ വീടിന്റെ ചുമരില്‍ ക്രമീകരിച്ചിട്ടുള്ളു. സോളാര്‍ വൈദ്യുതിയാണ് വീട്ടില്‍ ഉപയോഗിക്കുന്നത്. വെറും നാലുയൂണിറ്റില്‍ താഴെ മാത്രം വൈദ്യുതി മാത്രമെ ഓരോ മാസവും ഇവിടെ ചിലവാകുന്നുള്ളു. ടി.വിയും മിക്സിയും,എല്ലാം ഉപയോഗിച്ചിട്ടുപോലും തുശ്ചമായ വൈദ്യുതിയെ ഇവിടെ ചിലവാകുന്നുള്ളു.

സ്വന്തമായി കൃഷിചെയ്തുണ്ടാക്കുന്ന പച്ചക്കറികളാണ് ഇവര്‍ പ്രധാനമായും ഭക്ഷണത്തിന് ഉപയോഗിക്കുന്നത്. ബയോഗ്യാസാണ് അടുക്കളയില്‍ ഉപയോഗിക്കുന്ന പ്രധാന ഇന്ധനം. ഇവരും ജീവിക്കുകയാണ് പ്രകൃതിയോടൊപ്പം,പ്രകൃതിയെ മുറിവേല്‍പ്പിക്കാതെ

 

Share news

Leave a Reply

Your email address will not be published. Required fields are marked *