സ്വന്തം കെട്ടിടമില്ലാത്തതിനാൽ അംഗൻവാടി പ്രവർത്തനം അനിശ്ചിതത്വത്തിൽ

കൊയിലാണ്ടി: സ്വന്തം കെട്ടിടമില്ലാത്തതിനാൽ അംഗൻവാടി പ്രവർത്തനം അനിശ്ചിതത്വത്തിൽ. കൊയിലാണ്ടി നഗരസഭയിലെ 35-ാം ഡിവിഷനിൽപ്പെടുന്ന ചെറിയമങ്ങാട് ഫിഷർമെൻ കോളനിയിൽ പ്രവർത്തിച്ചു വരുന്ന അംഗൻവാടിയാണ് പറിച്ചുനടൽ ഭീഷണി നേരിടുന്നത്. വർഷങ്ങളായി സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വാടക കെട്ടിടത്തിലാണ് അംഗൻവാടി പ്രവർത്തിച്ചു വരുന്നത്. പ്രദേശത്തെ നിർധനരായ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികളുടെ ആശാ കേന്ദ്രം കൂടിയാണിത്. കെട്ടിടം ഒഴിഞ്ഞുകൊടുക്കണമെന്ന ഉടമയുടെ ആവശ്യം ശക്തമായതോടെയാണ് കോളനിയിലെ കുട്ടികളുടെ പഠനവും ഭാവിയും ചോദ്യചിഹ്നമായത്.
കോളനിയുടെ പടിഞ്ഞാറ് ഭാഗത്തായി ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള പത്ത് സെന്റ് ഭൂമി അംഗൻവാടി പണിയാനായി നഗരസഭക്ക് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് തന്നെ വാർഡ് മെമ്പർ ബന്ധപ്പെട്ട തഹസിൽദാർ മുമ്പാകെ അപേക്ഷ നൽകിയിരുന്നു. ഇതിനെ തടർന്ന് വില്ലേജ് അധികൃതർ പരിശോധന നടത്തുകയും നിർദ്ദിഷ്ട ഭൂമി കൈമാറ്റം ചെയ്യുന്നതിന് ലാന്റ് റവന്യു കമ്മീഷണറുടെ സർക്കുലർ (എൽ.ആർ.കെ.2 – 15651/07) പ്രകാരം അപേക്ഷ സമർപ്പിക്കാൻ ബന്ധപ്പെട്ടവകുപ്പിന് നിർദ്ദേശം നൽകാവുന്നതുമാണെന്ന് റിപ്പോർട്ട് നൽകുകയുമുണ്ടായി.

എന്നാൽ തുടർ നടപടികളില്ലാത്തതിനാൽ 2010-ൽ വീണ്ടും ജില്ലാ കലക്ടർക്ക് നൽകിയ അപേക്ഷ പരിഗണിച്ച് 2012-ൽ അംഗൻവാടിക്കായി ഫിഷറീസ് വകുപ്പിന് കീഴിലുള്ള മൂന്ന് സെന്റ് ഭൂമി സോഷ്യൽഫെയർ വകുപ്പിന് കൈമാറുന്നതിന് തടസ്സമില്ലെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയരക്ടർ ബന്ധപ്പെട്ടവർക്ക് അറിയിപ്പ് നൽകുകയുണ്ടായി. വർഷങ്ങൾ പിന്നിട്ടിട്ടും പ്രശ്നം സംബന്ധിച്ച് അധികൃതർ തുടരുന്ന അലംഭാവമാണ് ഇപ്പോൾ അംഗൻവാടിയുടെ നിലനില്പിനെ അനിശ്ചിതത്വത്തിലാക്കിയത്.

കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്ന സ്ഥലം ഉടമയുടെ സമ്മർദ്ദം കണക്കിലെടുത്ത് വാർഡ് കൗൺസിലർ പി. പി. കനക മുൻകൈയെടുത്ത് വിഷയത്തിൽ തുടർ നടപടിക്കായി ജില്ലാ കലക്ടർക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. അധികൃതർ കനിഞ്ഞില്ലെങ്കിൽ അംഗൻവാടി പ്രവർത്തനം നിലച്ചാൽ പ്രദേശത്തെ നിരവധി മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങൾ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് കോളനിവാസികൾ.

