KOYILANDY DIARY

The Perfect News Portal

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിശക്തമായ നടപടി ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

തൃശൂര്‍  : സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അതിശക്തമായ നടപടികള്‍ പിണറായി വിജയന്‍ പറഞ്ഞു. കുറ്റവാളികള്‍ക്ക് ഒരു ദാക്ഷീണ്യവും ഉണ്ടാവില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കുന്ന പിങ്ക് പോലീസ് പട്രോള്‍ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പലതരത്തിലും വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാജ്യതലസ്ഥാനത്ത് നിന്ന് കേട്ട വാര്‍ത്ത ആരേയും ഞെട്ടിപ്പിക്കുന്നതാണ്. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയിലുണ്ടായ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചതാണ്. ആ സംഭവത്തിന് നാല് വര്‍ഷം തികയുന്ന അന്നുതന്നെ സമാനമായ സംഭവം വീണ്ടും കേള്‍ക്കേണ്ടിവന്നത് ദു:ഖകരമാണ്. പരിഷ്കൃതസമൂഹത്തില്‍ ലജ്ജാകരമായ സംഭവമാണ്.

സമൂഹത്തില്‍   പകുതിയോളം സ്ത്രീ‌കളാണ്. അവരെ അവഗണിച്ച് നാടിന് പുരോഗതി നേടാനാവില്ല. തൊഴിലിടങ്ങള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം സ്ത്രീകള്‍ പീഡനത്തിന് ഇരയാവുന്നുണ്ട്.

Advertisements

എന്നാല്‍ എല്ലാ കാലത്തും ഇങ്ങിനെയാവുമെന്ന് കരുതേണ്ട. അതിശക്തമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. പീഡനത്തിനരയാവുന്ന സ്ത്രീകള്‍ ജിവിതകാലം മുഴുവന്‍ അപമാനഭാരം പേറി ജീവിക്കേണ്ടിവരുന്നുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ മനസ്സാക്ഷിയുള്ള സമൂഹത്തിന് കഴിയില്ല. സ്ത്രികള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തിലെങ്കിലൂം അവസാനിപ്പിക്കണം. അതിനുള്ള ശ്രമത്തിന്റെ ഭാഗമായി പിങ്ക് പോലീസ്  പട്രോളിംഗിനെ കാണണം.

സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന പീഡനങ്ങളില്‍ ഭൂരിഭാഗവും പുറംലോകം അറിയുന്നില്ല. പീഡനത്തിനിരയാവുന്ന കുടുംബം മാനഹാനി ഭയന്ന് പുറത്ത് പറയാത്ത അവസ്ഥയുണ്ട്. ഇത്തരത്തില്‍ മൂടിവെക്കുന്നത് കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരമാണ്. അതുകൊണ്ട് ധൈര്യമായ സത്യം പുറത്തുപറയാനുള്ള ആര്‍ജ്ജവം കാണിക്കണം. നിയമപാലകര്‍ക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ മാനസിക പീഡനം ഏല്‍ക്കേണ്ടിവരുമോ എന്ന ഭയമുണ്ട്. ഇത് പൂര്‍ണ്ണമായും മാറേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ധൈര്യമായി കടന്നുചെന്ന് പരാതി പറയാന്‍ കഴിയണം. അതിനുള്ള അവസ്ഥ സ്ഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

പരാതി നല്‍കുന്നവര്‍ക്ക് നീതി നേടാന്‍ കഴിയണം. സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ട് വീഴ്ചയും ഉണ്ടാവില്ല. പോലീസ് സ്റ്റേഷനുകളില്‍ ഭിതിയല്ല സുരക്ഷിതത്വ ബോധമാണ് ഉണ്ടാവേണ്ടത്. പോലീസിന്റെ ശൈലിയില്‍ മാറ്റം വരുത്തണം. പിങ്ക് പോലീസ് പട്രോളില്‍ സ്ത്രികള്‍ക്ക് നിര്‍ഭയമായി വിളിക്കാം. പരുഷമായ പെരുമാറ്റം ഉണ്ടാവില്ല. വിളിക്കുന്നവരുടെ പ്രശ്നങ്ങള്‍ സ്വന്തം  പ്രശ്നമായി കണ്ട് പരിഹക്കണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക എന്ന വലിയ ലക്ഷ്യ ബോധത്തോടെ ആവിഷ്കരിച്ച പദ്ധതിയാണിത്. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ ഉത്തരവാദിത്തബോധം തെളിയിക്കുന്നതാണ് പിങ്ക് പോലീസ് പട്രോള്‍ പദ്ധതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *