KOYILANDY DIARY.COM

The Perfect News Portal

സ്കൂളിലെത്താനാവാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പുസ്തകവും കളിയുപകരണങ്ങളും വിതരണം ചെയ്തു

കോഴിക്കോട്: സ്കൂളിലെത്താനാവാത്ത ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പുസ്തകവും കളിയുപകരണങ്ങളും നല്‍കി കോഴിക്കോട് തിരുവണ്ണൂര്‍ സൗത്ത് ബിആര്‍സി. പതിനാറ് കുട്ടികള്‍ക്കാണ് പുസ്തകങ്ങളും കളിയുപകരണങ്ങളും പന്നിയങ്കരയില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്തത്. പരിപാടി നാടക-സിനിമാ താരം സജിത മഠത്തില്‍ ഉദ്ഘാടനം ചെയ്തു.

ശാരീരിക പരിമിതികളാല്‍ അറിവിന്റെ അക്ഷരമുറ്റത്ത് എത്താന്‍ കഴിയാത്ത 350 ഓളം കുട്ടികളാണ് കോഴിക്കോട് ജില്ലയിലുളളത്. ഇവരെ സഹായിക്കാനായി കോഴിക്കോട് ജില്ലാ സര്‍വ്വ ശിക്ഷക് അഭിയാന്‍ നേതൃത്വത്തില്‍ നടപ്പാക്കുന്ന പദ്ധതിയാണ് കൂട്ടുകൂടാന്‍ പുസ്തക ചങ്ങാതി. ഇവര്‍ക്ക് വായിക്കാന്‍ കഴിയുന്ന പുസ്തകങ്ങള്‍ പൊതുജന സഹകരത്തോടെ വീട്ടിലെത്തിക്കുന്ന പരിപാടി നടന്നു വരികയാണിപ്പോള്‍. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ തിരുവണ്ണൂര്‍ സൗത്ത് ബിആര്‍സിക്ക് കീഴിലുളള 16 കുട്ടികള്‍ക്കാണ് പന്നിയങ്കര ഗവണ്മെന്റ് യുപി സ്കൂളില്‍ നടന്ന ചടങ്ങില്‍ പുസ്തകങ്ങളും കളിയുപകരണങ്ങളും വിതരണം ചെയ്തത്.

ഗൃഹാധിഷ്ടിത വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടത്തിയ പഠനത്തില്‍ പുസ്തകങ്ങള്‍ മാത്രമല്ല, കളിയുപകരണങ്ങള്‍ കൂടി വേണ്ടവരുണ്ടെന്ന് വ്യക്തമായെന്ന് ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍ സബിതാശേഖര്‍ പറഞ്ഞു. സാധാരണ കുട്ടികളെ പോലെ കളിച്ചു വളരാനും സ്കൂളിലെത്താനും കഴിയാതെ വീടിന്റെ നാലു ചുവരുകള്‍ക്കുളളില്‍ ഒതുങ്ങി കഴിയുന്ന ഇവര്‍ക്കും കുട്ടികള്‍ക്കായി ജിവിതം മാറ്റിവെച്ച വീട്ടുകാര്‍ക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വലിയ ആശ്വാസമാകുമെന്നുറപ്പ്. പൊതുജനങ്ങളുടെ അകമഴിഞ്ഞ പിന്തുണയും സഹായവുമാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യം.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *