KOYILANDY DIARY.COM

The Perfect News Portal

സോണിയ ഇന്നു കോട്ടയത്ത്‌

കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാ ഗാന്ധി ഇന്നു കോട്ടയത്ത്‌. പാമ്പാടിയില്‍ രാജീവ്‌ ഗാന്ധി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (ആര്‍.ഐ.ടി.) യുടെ ജൂബിലി ഉദ്‌ഘാടനത്തിനെത്തുന്ന സോണിയ നാട്ടകം ഗസ്‌റ്റ്‌ഹൗസില്‍ യു.ഡി.എഫ്‌. നേതാക്കളുമായും കോണ്‍ഗ്രസ്‌ നേതാക്കളുമായും ചര്‍ച്ച നടത്തും. കോണ്‍ഗ്രസിലെ കത്തു വിവാദം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്കിടയിലും യു.ഡി.എഫിലെ പ്രശ്‌നപരിഹാരത്തിനാകും ചര്‍ച്ചയില്‍ മുന്‍ഗണന.
ഓരോ ഘടകകക്ഷിയിലെയും തെരഞ്ഞെടുത്ത നേതാക്കളുമായാണ്‌ ചര്‍ച്ച. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം മുന്നണിയിലുണ്ടായ പ്രശ്‌നങ്ങളും തിക്‌താനുഭവങ്ങളും ഘടകകക്ഷി നേതാക്കള്‍ സോണിയയെ ധരിപ്പിക്കും. ബാര്‍ക്കേസിലെ സുപ്രീം കോടതി വിധിയടക്കം ചര്‍ച്ചയാകുമെന്നാണു സൂചന.
ഡല്‍ഹിയില്‍നിന്ന്‌ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്‌, ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല എന്നിവര്‍ക്കൊപ്പമാണ്‌ രാവിലെ സോണിയ ഗാന്ധി നെടുമ്പാശേരിയിലെത്തുക. അവിടെനിന്നു മൂന്നു ഹെലികോപ്‌ടറുകളിലായി സംഘം കോട്ടയത്തേക്കു പുറപ്പെടും.

Share news