KOYILANDY DIARY

The Perfect News Portal

“സെറിബ്രൽ പാർസിയെ തോൽപ്പിച്ച് അഭിജിത്ത് SSLC പരീക്ഷ എഴുതുന്നു

കൊയിലാണ്ടി: അഭിജിത്തിന്റെ പഠന വഴികളിൽ അക്ഷരമുറ്റത്തെ കൂട്ടുകാരുടെ ആരവങ്ങളില്ല; ക്ലാസ്സ് മുറികളിലെ കുസൃതികളില്ല; കലോത്സവങ്ങളും വിജയോത്സവങ്ങളുമില്ല. എങ്കിലും അറിവിന്റെ ആകാശത്തിലെ നക്ഷത്രത്തിളക്കങ്ങളിയറിയാൻ അവനെപ്പോഴും കൊതിയാണ്. വൈകല്യം വിട്ടുമാറാതെ ജന്മനാ “സെറിബ്രൽ പാർസി ” എന്ന രോഗത്തിന് ശാരീരികമായി കീഴടങ്ങേണ്ടി വന്ന കൊയിലാണ്ടി കൊല്ലം സ്വദേശി നടുവിലക്കണ്ടി അഭിജിത്ത് എന്ന പതിനേഴുകാരനാണ് കഴിഞ്ഞ ദിവസം ആരംഭിച്ച എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ കൊയിലാണ്ടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ പരീക്ഷാ കേന്ദ്രത്തിലെത്തിയത്.

അച്ഛൻ ശ്രീശന്റേയും അമ്മ നളിനിയുടേയും തോൾപറ്റി അവശതകൾ മറന്ന് അഭിജിത്ത് പൊതു പരീക്ഷയിൽ മാറ്റുരക്കാനെത്തിയത് ഹാളിലെ മറ്റു വിദ്യാർത്ഥികളിലും ആത്മവിശ്വാസമുണർത്തി. അദ്ധ്യാപകർ അവന് വേണ്ടി ഹാളിൽ പ്രത്യേകം സീറ്റ് ഒരുക്കിയിരുന്നു. പരീക്ഷ എഴുതാനുള്ള പകരക്കാരനായി ഹരിനന്ദ് എന്ന ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിയും അഭിജിത്തിന്റെ തൊട്ടടുത്തു തന്നെ സ്ഥാനം പിടിച്ചിരുന്നു. ഏഴാം ക്ലാസ്സ് വരെ അഭിജിത് പഠനം തുടർന്നത് കൊല്ലം യു.പി. സ്കൂളിലായിരുന്നു. മാതാപിതാക്കളോടൊപ്പം ഏക സഹോദരനും ദേവഗിരി കോളജ് ഡിഗ്രി വിദ്യാർത്ഥിയുമായ അമൽജിത്തുമാണ് വീട്ടിലെ അഭിജിത്തിന്റെ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്താറുള്ളത്.

സഹപാഠികൾ എന്ന് പറയാൻ കൂട്ടുകാരില്ലെങ്കിലും സ്കൂൾ കാര്യങ്ങളിൽ പലരും സഹായത്തിനെത്തി. ഇത്തവണത്തെ എസ്സ്.എസ്സ്.എൽ.സി. പൊതു പരീക്ഷ പ്രൈവറ്റ് ആയി എഴുതാൻ പന്തലായനി ബി.ആർ.സി.യിൽ നിന്നും അദ്ധ്യാപകരുടെ സഹായവും ലഭിച്ചിരുന്നു. ഇതും അടിസ്ഥാന വിദ്യാഭ്യാസയോഗ്യത നേടാനുള്ള അഭിജിത്തിന്റെ ആഗ്രഹത്തിന് തുണയായി. ഇലക്ട്രീഷ്യനായ പിതാവിന്റെ വരുമാനവും സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിക്കുന്ന  പെൻഷനുമാണ് അഭിജിത്തിന്റെ ചികിത്സാ കാര്യങ്ങളും പഠനകാര്യങ്ങൾക്കുമുള്ള ഏക വരുമാനം.

Advertisements

Leave a Reply

Your email address will not be published. Required fields are marked *